മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഞായറാഴ്ചത്തെ മാഞ്ചസ്റ്റർ ഡെർബിയിൽ തുർക്കി ഗോൾകീപ്പർ അൽതായ് ബായിന്ദിർ തന്നെ കളിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം സ്ഥിരീകരിച്ചു. പുതിയ സൈനിങ്ങായ സെന്നെ ലാമെൻസിൻ്റെ വരവിനിടയിലും ബായിന്ദിറിനെ വിശ്വസിക്കാൻ ആണ് അമോറിമിന്റെ തീരുമാനം.

ഈ സീസണിലെ ആദ്യ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രം നേടിയ യുണൈറ്റഡിന് സിറ്റിക്ക് എതിരായ പോരാട്ടം നിർണായകമാണ്. ആഴ്സണലിനും ബേൺലിക്കുമെതിരെ വഴങ്ങിയ ഗോളുകളുടെ പേരിൽ പഴികേട്ട ബായിന്ദിർ, ഇംഗ്ലണ്ടുമായി പൊരുത്തപ്പെട്ടു വരുകയാണ്.
റോയൽ ആൻ്റ്വെർപിൽ നിന്ന് 18 മില്യൺ പൗണ്ടിന് ടീമിലെത്തിയ പുതിയ സൈനിംഗ് ലാമെൻസിനെ പതിയെ പ്രീമിയർ ലീഗിലേക്ക് കൊണ്ടുവരാനാണ് അമൊറിമിൻ്റെ തീരുമാനം. പുതിയ ലീഗുമായി പൊരുത്തപ്പെടുന്നതിൻ്റെ വെല്ലുവിളികൾ മനസിലാക്കുന്നുവെന്നും അമൊറിം വ്യക്തമാക്കി. മോശം പ്രകടനങ്ങളെ തുടർന്ന് മുൻ നമ്പർ വൺ ഗോൾകീപ്പറായ ആന്ദ്രെ ഒനാനയെ നേരത്തെ തന്നെ ട്രാബ്സൺസ്പോറിലേക്ക് ലോൺ അടിസ്ഥാനത്തിൽ അയച്ചിരുന്നു.