Picsart 24 12 15 23 58 33 473

മാഞ്ചസ്റ്റർ ചുവന്നു!! അവസാന 2 മിനുട്ടിൽ 2 ഗോളുകൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ വിജയം. ഇന്ന് ഇത്തിഹാദിൽ നടന്ന മാഞ്ചസ്റ്റർ ഡർബിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. അവസാന 2 മിനുട്ടുകളിൽ 2 ഗോളുകൾ നേടിയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്.

ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മാർക്കസ് റാഷ്ഫോർഡും ഗർനാചോയും ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. വിരസമായ ഡർബിയാണ് ഇന്ന് കാണാൻ ആയത്‌ ഇരു ടീമുകളും ആദ്യ പകുതിയിൽ അധികം അവസരം സൃഷ്ടിച്ചില്ല. 36ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി ഗോൾ കണ്ടെത്തി.

ഡി ബ്രുയിന്റെ ഒരു ഡിഫ്ലക്റ്റഡ് ക്രോസ് ഒരു ഹെഡറിലൂടെ ഗ്വാർഡിയോൾ വലയിൽ ആക്കുക ആയിരുന്നു. ആദ്യ പകുതി മാഞ്ചസ്റ്റർ സിറ്റി ലീഡിൽ അവസാനിപ്പിച്ചു. ആദ്യ പകുതിയിൽ യുണൈറ്റഡിന് ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുത്തില്ല.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പന്ത് കൂടുതൽ കൈവശം വെച്ചെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ അവർ പ്രയാസപ്പെട്ടു. അമദ് ദിയാലോയുടെ ഒരു ഹെഡർ എഡേഴസൺ തടഞ്ഞപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ച മറ്റൊരു സുവർണ്ണാവസരം ബ്രൂണോ തുലച്ചു.

86ആം മിനുട്ടിൽ അമദ് ദിയാലോയെ ഫൗൾ ചെയ്തതിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൾറ്റി ലഭിച്ചു. പെനാൾറ്റി ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യത്തിൽ എത്തിച്ചതോടെ യുണൈറ്റഡ് ഒപ്പമെത്തി. സ്കോർ 1-1. ഇതോടെ കളി മാറി.

90ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അമദ് ദിയാലോയിലൂടെ വിജയ ഗോൾ നേടി. ലിസാൻഡ്രോ മാർട്ടിനസ് നൽകിയ ലോംഗ് പാസ് സ്വീകരിച്ച് അമദ് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. സ്കോർ 2-1.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 22 പോയിന്റുമായി ലീഗിൽ 12ആം സ്ഥാനത്ത് നിൽക്കുകയാണ്. സിറ്റി 16 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി 5ആം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version