പ്രീമിയർ ലീഗിലെ ആവേശകരമായ പോരാട്ടത്തിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് 3-0ന്റെ ആധികാരിക വിജയം. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആതിഥേയർ വ്യക്തമായ ആധിപത്യം പുലർത്തി. പതിമൂന്നാം മിനിറ്റിൽ എർലിംഗ് ഹാലൻഡിന് പെനാൽറ്റി നഷ്ടമായെങ്കിലും, ഇരുപത്തിയൊൻപതാം മിനിറ്റിൽ മാത്യൂസ് നൂനസിന്റെ അസിസ്റ്റിൽ ഹാലൻഡ് ഹെഡ്ഡറിലൂടെ സിറ്റിയെ മുന്നിലെത്തിച്ചു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബെർണാഡോ സിൽവയുടെ പാസിൽ ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ലോ ഷോട്ടിലൂടെ നിക്കോളാസ് ഗോൺസാലസ് സിറ്റിയുടെ ലീഡ് 2-0 ആയി ഉയർത്തി.
രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആധിപത്യം തുടർന്നു. രണ്ട് ഗോളുകൾക്ക് പിന്നിലായിട്ടും മുഹമ്മദ് സലാ, കോഡി ഗാക്പോ എന്നിവരുടെ നേതൃത്വത്തിൽ പലതവണ ശ്രമങ്ങൾ നടത്തിയെങ്കിലും സിറ്റിയുടെ പ്രതിരോധം ഭേദിക്കാൻ ലിവർപൂളിന് സാധിച്ചില്ല. എന്നാൽ, സിറ്റി സമ്മർദ്ദം തുടർന്നു.
അറുപത്തിമൂന്നാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ജെറമി ഡോക്കുവിന്റെ മനോഹരമായ വലത് കാൽ ഷോട്ട് ലീഡ് 3-0 ആക്കി ഉയർത്തി. ഡോക്കുവിന്റെ ഈ സീസണിലെ ആദ്യ പ്രീമിയർ ലീഗ് ഗോൾ ആയിരുന്നു ഇത്.
ഈ വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണലിന് തൊട്ടുപിന്നിൽ സിറ്റി തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കി. സിറ്റിക്ക് 22 പോയിന്റും ആഴ്സണലിന് 26 പോയിന്റുമാണ് ഉള്ളത്. ലിവർപൂൾ നിലവിൽ എട്ടാം സ്ഥാനത്താണ്.














