എത്തിഹാദ് സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ നേരിട്ടുള്ള രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തി. ഒമർ മർമൗഷ്, അന്റോയിൻ സെമെൻയോ എന്നിവരാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. കഴിഞ്ഞ ആഴ്ചയിലെ മാഞ്ചസ്റ്റർ ഡെർബിയിലെ തോൽവിക്കും ചാമ്പ്യൻസ് ലീഗിലെ തിരിച്ചടിക്കും ശേഷം തകർപ്പൻ വിജയത്തോടെ സിറ്റി പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ സജീവമായി.

മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ സിറ്റി മുന്നിലെത്തി. മാത്യൂസ് നുനെസ് നൽകിയ കൃത്യതയാർന്ന ക്രോസിൽ നിന്ന് ഒമർ മർമൗഷ് ഗോളടിച്ചപ്പോൾ വോൾവ്സ് പ്രതിരോധം നിഷ്പ്രഭമായി. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+2′) ബെർണാഡോ സിൽവയുടെ പാസ്സിൽ നിന്ന് സെമെൻയോ രണ്ടാം ഗോൾ നേടി സിറ്റിയുടെ ലീഡ് ഉയർത്തി. ക്രിസ്റ്റൽ പാലസിൽ നിന്നും സിറ്റിയിലെത്തിയ മാർക് ഗൂഹിയുടെ അരങ്ങേറ്റവും ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂയിജി ഡൊന്നറുമയുടെ തകർപ്പൻ സേവുകളും സിറ്റിയുടെ പ്രതിരോധത്തിന് കരുത്ത് പകർന്നു.
രണ്ടാം പകുതിയിൽ എർലിംഗ് ഹാലണ്ട്, ഫിൽ ഫോഡൻ, ജെറമി ഡോക്കു എന്നിവർ പകരക്കാരായി ഇറങ്ങിയെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ സിറ്റിക്കായില്ല. വോൾവ്സിന്റെ മൂന്ന് താരങ്ങൾ മഞ്ഞക്കാർഡ് കണ്ട മത്സരത്തിൽ, സിറ്റിയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് കഴിഞ്ഞതുമില്ല. ഈ വിജയത്തോടെ 23 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി സിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 8 പോയിന്റ് മാത്രമുള്ള വോൾവ്സ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.









