സ്ലാട്ടാൻ ഇബ്രാഹിമോവിച് ഇറ്റലിയിലേക്ക് മടങ്ങി എത്തിയാലും പഴയത് പോലെ താരത്തിന് അവിടെ തിളങ്ങാൻ കഴിയില്ല എന്ന് ഇറ്റാലിയൻ ഇതിഹാസം മാൽഡിനി. അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയുമായുള്ള കരാർ അവസാനിച്ചതോടെ അമേരിക്ക വിടുമെന്ന സൂചനകൾ സ്വീഡിഷ് സ്ട്രൈക്കർ സ്ലാട്ടാൻ ഇബ്രാഹിമോവിച് നൽകുന്നുണ്ട്. ഇറ്റലിയാണ് തന്റെ രണ്ടാം വീടെന്നും അവിടേക്ക് മടങ്ങണമെന്ന് ആഗ്രഹമുണ്ട് എന്നും സ്ലാട്ടാൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
നാപോളി തനിക്ക് ഇഷ്ടപ്പെട്ട ക്ലബാണെന്നും അവരെ കിരീടം നേടാൻ സഹായിക്കണമെന്നുണ്ടെന്നുമായിരുന്നു സ്ലാട്ടാൻ പറഞ്ഞത്. ഇപ്പോഴും ഇറ്റലിയിൽ പോയാൽ 20 ഗോളുകൾ നേടാനുള്ള കഴിവ് തനിക്ക് ഉണ്ടെന്നും സ്ലാട്ടാൻ പറഞ്ഞിരുന്നു. എന്നാൽ സ്ലാട്ടാന്റെ വാക്കുകളിൽ അദ്ദേഹത്തിന് പഴയത് പോലെ തിളങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസം കാണുന്നില്ല എന്ന് മാൽഡിനി പറഞ്ഞു. എങ്കിലും ഇബ്ര വന്നാൽ അത് ഇറ്റാലിയൻ ലീഗിന് മുതൽ കൂട്ടാകുമെന്ന് മാൽഡിനി കൂട്ടിച്ചേർത്തു.
അവസാന രണ്ടു വർഷമായി ഗാലക്സിക്കു വേണ്ടിയാണ് സ്ലാട്ടൻ കളിക്കുന്നത്. കരാർ പുതുക്കിയില്ല എങ്കിൽ ഇബ്ര ഈ ജനുവരിയോടെ ഫ്രീ ഏജന്റാകും.