ബെംഗളൂരു എഫ്സി 0-0 മലപ്പുറം എഫ്സി
ബാംഗ്ലൂർ: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണ് തയ്യാറെടുക്കുന്ന മലപ്പുറം എഫ്സി കരുത്തരായ ബെംഗളുരു എഫ്‌സിയെ പരിശീലന മത്സരത്തിൽ സമനിലയിൽ പിടിച്ചു കെട്ടി. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ സൃഷ്ട്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.ബെംഗളൂരു എഫ്സിയുടെ പരിശീലന ഗ്രൗണ്ടായ സെന്റർ ഫോർ സ്പോർട്സ് എക്സലൻസിലായിരുന്നു മത്സരം നടന്നത് , സുനിൽ ചേത്രി,ഗുർപ്രീത് സിംഗ് സന്ധു, സുരേഷ് സിംഗ്, രാഹുൽ ബെക്കെ, മുഹമ്മദ് സലാഹ്, നിഖിൽ പൂജാരി, റോഷൻ സിംഗ് , ചിംഗ്ലെൻ സനാ തുടങ്ങിയ ഇന്ത്യൻ താരങ്ങളും റയാൻ വില്ല്യംസ്, ബ്രയാൻ സാഞ്ചസ്, സലാഹെദ്ദീൻ ബാഹി എന്നീ വിദേശ താരങ്ങളും അടങ്ങിയ പ്രമുഖ നിര തന്നെയായിരുന്നു മലപ്പുറത്തിനെതിരെ കളിക്കാനിറങ്ങിയത്.
മലപ്പുറത്തിന് വേണ്ടി ഗോൾകീപ്പർ മുഹമ്മദ് അസ്ഹർ മികച്ച സേവുകളോടെ മിന്നും പ്രകടനമാണ് നടത്തിയത്. ബെംഗളൂരു എഫ്സിയുടെ ഗോളെന്നുറപിച്ച പല ഷോട്ടുകളും അസ്ഹർ തട്ടിയകറ്റി. കളിയിലുടനീളം പ്രതിരോധ നിരയിൽ ഹക്കുവും സഞ്ജു ഗണേഷും നല്ല പ്രകടനം കാഴ്ചവെച്ചു. റോയ് കൃഷ്ണയും കെന്നഡിയും ചില മികച്ച നീക്കങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. ഒക്ടോബർ മൂന്നാം തീയ്യതിയാണ് എംഎഫ്സിയുടെ ഈ സീസണിലെ ആദ്യ മൽസരം. ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ തൃശ്ശൂർ മാജിക് എഫ്സിയാണ് എതിരാളികൾ.