മഞ്ചേരി: എൻ.എസ്.എസ് കോളജ് മൈതാനത്ത് നടക്കുന്ന മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ‘എഫ് ‘ ഡിവിഷൻ ലീഗ് ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഏറനാട് ഫൈറ്റേഴ്സ് ഫുട്ബോൾ ക്ലബ്ബ് മഞ്ചേരി കളിയുടെ അൻമ്പത്തഞ്ചാം മിനുട്ടിൽ അനസ്.കെ നേടിയ ഏക പക്ഷീയമായ ഒരു ഗോളിന് (1-0) എഫ്.സി മലപ്പുറത്തെ പരാജയപ്പെടുത്തി ടൂർണ്ണമെന്റിൽ തങ്ങളുടെ രണ്ടാം വിജയമാഘോഷിച്ചു. കളിയുടെ അവസാന മിനുട്ടുകളിൽ രണ്ട് മഞ്ഞക്കാർഡ് കണ്ടതിനെ തുടർന്ന് മധ്യ നിരയിൽ മികച്ച കളി കാഴ്ച്ച വച്ചിരുന്ന ഒമ്പതാം നമ്പർ താരം ടി.പി ശാക്കിറിനെ നഷ്ടപ്പെട്ട ഏറനാട് എഫ്.സി പത്ത് പേരുമായാണ് വിജയം ഉറപ്പിച്ചത്.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ യൂത്ത് വേൾഡ് മുണ്ടുപറമ്പ് ഏക പക്ഷീയമായ ഒരു ഗോളിന് ലോയൽ സ്പോർട്സ് ക്ലബ്ബ് ചെമ്മാടിനെയും പരാജയപ്പെടുത്തി.
ഇതോടെ നാല് ടീമുകൾ മത്സരിക്കുന്ന ‘എഫ് ‘ ഡിവിഷൻ രണ്ടാം പൂളിൽ നാല് ടീമുകളും രണ്ട് വീതം മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ പോയിന്റ് ടേബിളിൽ ഏറനാട് എഫ്.സി രണ്ട് വിജയങ്ങളുമായി ആറു പോയിന്റും, യൂത്ത് വേൾഡ് മുണ്ടു പറമ്പ് ഒരു തോൽവിയും ഒരു ജയവുമായി മൂന്നു പോയിന്റും എഫ്.സി മലപ്പുറവും, ലോയൽ ചെമ്മാടും ഓരോ സമനിലയും ഓരോ തോൽവിയുമായി ഓരോ പോയിന്റു വീതവും എന്ന നിലയിലായി. ഇതോടെ പൂളിൽ ഇന്ന് നടക്കാനിരിയ്ക്കുന്ന അവസാന മത്സരങ്ങളായ യൂത്ത് വേൾഡ് മുണ്ടുപറമ്പ് – എഫ്.സി മലപ്പുറം, ഏറനാട് എഫ്.സി – ലോയൽ ചെമ്മാട് മത്സര ഫലങ്ങൾ കാത്തിരിയ്ക്കാതെ തന്നെ ഏറനാട് ഫൈറ്റേഴ്സ് എഫ്.സി മറ്റന്നാൾ ഇതേ വേദിയിൽ നടയ്ക്കാനിരിയ്ക്കുന്ന ‘എഫ് ‘ ഡിവിഷൻ സൂപ്പർ ലീഗ് മത്സസരത്തിന് യോഗ്യത നേടി. പ്രസ്തുത മത്സരത്തിൽ കഴിഞ്ഞ മാസം പെരിന്തൽമണ്ണയിൽ നടന്ന ‘എഫ് ‘ ഡിവിഷൻ ഒന്നാം പൂൾ ജേതാക്കളായി വരുന്ന ഡൈനാമോസ് സ്പോർട്സ് ക്ലബ്ബ് തൃപ്പനച്ചിയാണ് ഏറനാട് ഫൈറ്റേഴ്സിന്റെ എതിരാളികൾ സൂപ്പർ ലീഗ് വിജയികൾ അടുത്ത വർഷം മുതൽ ‘ഇ’ ഡിവിഷൻ ലീഗ് കളിയ്ക്കാൻ യോഗ്യത നേടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial