ലൂറ്റൺ ടൗൺ ഇനി പ്രീമിയർ ലീഗിൽ കളിക്കും. ലൂറ്റൺ ഇത് ആദ്യമായാണ് പ്രീമിയർ ലീഗിൽ എത്തുന്നത്. ഇന്ന് വെംബ്ലിയിൽ നടന്ന പ്ലേ ഓഫ് ഫൈനലിൽ കൊവെൻട്രി സിറ്റിയെ തോൽപ്പിച്ച് ആണ് ലൂറ്റൺ പ്രൊമോഷൻ ഉറപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ലൂറ്റന്റെ വിജയം.
ഇന്ന് മത്സരത്തിന്റെ 23ആം മിനുട്ടിൽ ജോർദാൻ ക്ലാർക്കിന്റെ ഗോളിൽ ലൂറ്റൺ ടൗൺ ആണ് ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ കൊവെൻട്രി സിറ്റി സമനില കണ്ടെത്തുന്നത് വരെ ഈ ലീഡ് തുടർന്നു. ഗുസ്താവോ ഹാമർ ആണ് സമനില ഗോൾ നേടിയത്. കളി 90 മിനുട്ട് കഴിഞ്ഞപ്പോൾ 1-1 എന്ന് തുടർന്നു. പിന്നീട് കളി എക്സ്ട്രാ ടൈമിൽ എത്തി.
എക്സ്ട്രാ ടൈമിൽ മൂന്ന് മിനുട്ട് മാത്രം ബാക്കി ഇരിക്കെ ജോസഫ് ടെയ്ലർ ലൂറ്റൺ ടൗണിന് ലീഡ് നൽകി. പക്ഷെ വാർ പരിശോധനയിൽ ഓഫ്സൈഡ് കണ്ടെത്തിയതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു. തുടർന്ന് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി.
ഷൂട്ടൗട്ടിൽ ആദ്യ അഞ്ചു കിക്കുകൾ ഇരു ടീമുകളും ലക്ഷ്യത്തിൽ എത്തിച്ചു. ലൂറ്റൺ ആറ് കിക്കുകളും ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ കൊവെൻട്രിക്ക് ആയി ആറാം കിക്ക് എടുത്ത ഡാബോയുടെ കിക്ക് പുറത്തു പോയി. ഇതോടെ ലുറ്റൺ പ്രീമിയർ ലീഗ് പ്രൊമോഷൻ ഉറപ്പിച്ചു. ബേർൺലി, ഷെഫീൽഡ് യുണൈറ്റഡ് എന്നി ക്ലബുകൾ നേരത്തെ തന്നെ പ്രൊമോഷൻ ഉറപ്പിച്ചിരുന്നു.