ലയണൽ മെസ്സിക്ക് 2026 ഫിഫ ലോകകപ്പിൽ അർജന്റീനയെ പ്രതിനിധീകരിക്കാൻ ആഗ്രഹമുണ്ടെന്ന് സുവാരസ്. ഈ വേനൽക്കാലത്ത് 38 വയസ്സ് തികയുന്ന മെസ്സി, താൻ ലോകകപ്പ് കളിക്കും എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആ സ്വപ്നം ഇപ്പോഴും സജീവമാണെന്ന് സുവാരസ് സൂചന നൽകി.

“അടുത്ത വർഷത്തെ ലോകകപ്പിൽ കളിക്കാൻ അവന് ആഗ്രഹമുണ്ട്. ഞങ്ങൾ വിരമിക്കലിനെക്കുറിച്ച് തമാശകൾ പറയാറുണ്ട്, പക്ഷേ ഞങ്ങൾ അതിനെക്കുറിച്ച് ഗൗരവമായി സംസാരിച്ചിട്ടില്ല.” എൽ പെയ്‌സിനോട് സംസാരിക്കവെ സുവാരസ് പറഞ്ഞു
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇതിനകം തന്നെ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്. 2006 ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം അഞ്ച് ലോകകപ്പുകളിൽ കളിച്ചിട്ടുള്ള മെസ്സി, 2022 ൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കുകയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.