പ്രീമിയർ ലീഗിൽ സണ്ടർലാൻഡിനെതിരെ 1-1ന് സമനില വഴങ്ങിയ ലിവർപൂളിന് ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ പോയിന്റ് നഷ്ടം. ആദ്യ പകുതിയിൽ ലിവർപൂൾ സമ്മർദ്ദം ചെലുത്തിയെങ്കിലും കളി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കോഡി ഗാക്പോക്ക് പകരം മുഹമ്മദ് സലാ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങി. എന്നിട്ടും കാര്യങ്ങൾ മെച്ചപ്പെട്ടില്ല.
മത്സരത്തിന്റെ 67-ാം മിനിറ്റിൽ എൻസോ ലെ ഫീയുടെ അസിസ്റ്റിൽ ചെംസ്ഡൈൻ താൽബി ലക്ഷ്യം കണ്ടതോടെ സണ്ടർലാൻഡ് ലീഡ് എടുത്തു. ഇത് റെഡ്സിനെ ഞെട്ടിക്കുകയും ആൻഫീൽഡിനെ നിശ്ശബ്ദമാക്കുകയും ചെയ്തു. സമനില ഗോളിനായി ലിവർപൂളിന്റെ ശ്രമം 81-ാം മിനിറ്റിൽ ഫലം കണ്ടു. ഫ്ലോറിയൻ വിർട്സിന്റെ ഷോട്ട് സണ്ടർലാൻഡ് പ്രതിരോധ താരം നോർഡി മുകിയേലെയ്ക്ക് തട്ടി ഡിഫ്ലക്റ്റഡ് ആയി ഗോളായതോടെ ലിവർപൂൾ സമനില നേടി.
അവസാന നിമിഷം സണ്ടർലാണ്ടിന്റെ ഒരു ഗോളെന്ന് ഉറച്ച ഷോട്ട് കിയേസ ഗോൾ ലൈനിൽ നിന്ന് തടുത്തതും ലിവർപൂളിന് ആശ്വാസമായി. 22 പോയിന്റുമായി ലിവർപൂൾ എട്ടാം സ്ഥാനത്തും 23 പോയിന്റുമായി സണ്ടർലണ്ട് ആറാം സ്ഥാനത്തുമാണ് ഉള്ളത്.