പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ തങ്ങളുടെ സെറ്റ് പീസ് പരിശീലകൻ ആരോൺ ബ്രിഗ്‌സിനെ ഒഴിവാക്കി. സീസണിലെ 18 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് ലിവർപൂൾ ഡെഡ് ബാൾ സാഹചര്യങ്ങളിൽ നിന്ന് വഴങ്ങിയത്. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിൽ സെറ്റ് പീസുകളിൽ നിന്ന് ഏറ്റവും കൂടുതൽ ഗോൾ വഴങ്ങുന്ന ടീമായി ലിവർപൂൾ മാറിയ പശ്ചാത്തലത്തിലാണ് ക്ലബ്ബിന്റെ അടിയന്തര നടപടി.
2024 ജൂലൈയിൽ ലിവർപൂളിൽ ചേർന്ന ബ്രിഗ്‌സ്, ആർനെ സ്ലോട്ടിന്റെ കീഴിൽ കഴിഞ്ഞ സീസണിലെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ ഈ സീസണിൽ ടീമിന്റെ പ്രതിരോധ നിര സെറ്റ് പീസുകളെ നേരിടുന്നതിൽ വലിയ പരാജയമായി. 12 ഗോളുകൾ വഴങ്ങിയപ്പോൾ മറുഭാഗത്ത് സെറ്റ് പീസുകളിൽ നിന്ന് വെറും മൂന്ന് ഗോളുകൾ മാത്രമാണ് ലിവർപൂളിന് നേടാനായത്.
കോർണർ കിക്കുകളിൽ നിന്ന് മാത്രം ഏഴ് ഗോളുകൾ ലിവർപൂൾ പോസ്റ്റിലെത്തി. നായകൻ വിർജിൽ വാൻ ഡൈക്കും പരിശീലകൻ ആർനെ സ്ലോട്ടും സെറ്റ് പീസ് പ്രതിരോധത്തിലെ പോരായ്മകളിൽ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.









