ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ലിവർപൂളിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിൽ പിടിച്ചു. ചിരവൈരികൾ തമ്മിലുള്ള പോരാട്ടം 2-2 എന്ന സ്കോറിനാണ് അവസാനിച്ചത്.
ആൻഫീൽഡിൽ ഇന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് നല്ല പ്രകടനമാണ് കാണാൻ ആയത്. അവർ ലിവർപൂളിന്റെ ആക്രമണങ്ങൾ നല്ല രീതിയിൽ തടഞ്ഞു. ചില നല്ല അവസരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ അമദ് ദിയാലോയും ഹൊയ്ലുണ്ടും ആ അവസരങ്ങൾ നഷ്ടമാക്കി. ആദ്യ പകുതിയിൽ സ്കോർ ഗോൾ രഹിതമായി നിന്നു.
രണ്ടാം പകുതി ആവേശകരമായ രീതിയിൽ ആണ് തുടങ്ങിയത്. ഇരു ഭാഗത്തും അവസരങ്ങൾ വന്നു. 53ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏവരെയും ഞെട്ടിച്ച് ഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനസ് ആണ് യുണൈറ്റഡിനായി വല കണ്ടെത്തിയത്. ലിസാൻഡ്രോയുടെ സ്ട്രൈക്ക് അലിസണ് തടയാൻ കഴിയാത്തതിനേക്കാൾ പവർഫുൾ ആയിരുന്നു. സ്കോർ 1-0.
56ആം മിനുട്ടിൽ മൈനുവിന്റെ ഒരു ഷോട്ട് അലിസൺ തടഞ്ഞത് യുണൈറ്റഡിനെ ലീഡ് ഇരട്ടിയാക്കുന്നതിൽ നിന്ന് തടഞ്ഞു. ലിവർപൂളും ആക്രമണം തുടർന്നു. 59ആം മിനുട്ടിൽ അവർ സമനില നേടി. കോഡി ഗാക്പോയുടെ ഇടതു വിങ്ങിലൂടെ വന്നുള്ള ഡ്രിബിളിംഗും പിന്നലെ വന്ന ഷോട്ടും യുണൈറ്റഡ് ഡിഫൻസിനെ കാഴ്ചക്കാരാക്കി. സ്കോർ 1-1.
ലിവർപൂൾ ആക്രമണം തുടർന്നു. 68ആം മിനുട്ടിൽ ഡി ലിറ്റിന്റെ ഹാൻഡ് ബോളിന് പെനാൽറ്റി വിധിക്കപ്പെട്ടു. സലാ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് ലിവർപൂളിന് ലീഡ് നൽകി. സ്കോർ 2-1. കളി അവസാനിച്ചില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ചു.
80ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് ഗർനാചോ നടത്തിയ നീക്കം അമദ് ദിയാലോയിലേക്ക് എത്തി. അമദിന്റെ ഷോട്ട് വലയ്ക്ക് അകത്ത്. സ്കോർ 2-2. കളി ആവേശകരമായ അന്ത്യത്തിലേക്ക്. 90ആം മിനുട്ടിൽ ഒനാനയുടെ ഇരട്ട സേവുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ചു.
മത്സരത്തിന്റെ 97ആം മിനുട്ടിൽ ഹാരി മഗ്വയറിന് ഒരു സുവർണ്ണാവസരം കിട്ടി എങ്കിലും മഗ്വയറിന് പന്ത് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. കളി സമനിലയിൽ അവസാനിച്ചു.
ഈ സമനിലയോടെ ലിവർപൂൾ 19 മത്സരങ്ങളിൽ 46 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള ആഴ്സണലിനേക്കാൾ 6 പോയിന്റിന്റെ ലീഡ് ലിവർപൂളിനുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് 23 പോയിന്റുമായി 13ആം സ്ഥാനത്താണ്.