ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം മത്സരത്തിലും സമനില വഴങ്ങി ലിവർപൂൾ. ഇത്തവണ സ്വന്തം മൈതാനത്ത് ബേർൺലിയോട് 1-1 എന്ന സ്കോറിന് ആണ് ലിവർപൂൾ സമനില വഴങ്ങിയത്. മത്സരത്തിൽ വലിയ ആധിപത്യം പുലർത്തിയ ലിവർപൂൾ 11 ഷോട്ടുകൾ ആണ് ബേർൺലി ഗോളിലേക്ക് അടിച്ചത് എന്നാൽ തൊടുത്ത ഒരൊറ്റ ഷോട്ടിൽ ഗോൾ നേടിയ ബേർൺലി ഒരു പോയിന്റ് നേടി ആൻഫീൽഡ് വിട്ടു. 32 മത്തെ മിനിറ്റിൽ ഗാക്പോ നേടി നൽകിയ പെനാൽട്ടിയിലൂടെ സുവർണ അവസരം ആണ് ലിവർപൂളിന് ലഭിച്ചത്. എന്നാൽ പെനാൽട്ടി ബാറിലേക്ക് അടിച്ച സബോസലായ് ഈ അവസരം പാഴാക്കി. 42 മത്തെ മിനിറ്റിൽ കർട്ടിസ് ജോൺസിന്റെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ ഗോൾ നേടിയ ഫ്ലോറിയൻ വിർറ്റ്സ് ലിവർപൂളിന് അർഹിച്ച മുൻതൂക്കം സമ്മാനിച്ചു.

രണ്ടാം പകുതിയിലും ലിവർപൂൾ മുൻതൂക്കം ആണ് കണ്ടത്. എന്നാൽ 65 മത്തെ മിനിറ്റിൽ ഫ്ലോറന്റീനോ നൽകിയ പാസിൽ നിന്നു മികച്ച ഇടൻ കാലൻ ഷോട്ടിലൂടെ ഗോൾ നേടിയ മാർക്കസ് എഡ്വവെർഡ്സ് ബേർൺലിക്ക് സമനില സമ്മാനിച്ചു. ടീമിന് ആയി താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. തുടർന്നും വിജയഗോൾ കാണാനുള്ള ലിവർപൂൾ ശ്രമങ്ങൾ ഒന്നും ജയം കണ്ടില്ല. നിലവിൽ ലീഗിൽ ലിവർപൂൾ നാലാമതും ബേർൺലി 19 സ്ഥാനത്തും ആണ്. അതേസമയം നിർണായക മത്സരത്തിൽ ഫുൾഹാമിനെ 91 മത്തെ മിനിറ്റിലെ ഗോളിന് ലീഡ്സ് യുണൈറ്റഡ് തോൽപ്പിച്ചു. ക്രിസ്റ്റൽ പാലസിനെ തിരിച്ചു വന്നു 2-1 നു തോൽപ്പിച്ച സണ്ടർലാന്റ് ലീഗിൽ എട്ടാം സ്ഥാനത്തേക്കും കയറി.









