ക്ലബ്ബ് ഫുട്ബോളിൽ പുതിയ തട്ടകം തേടാനും പിറകെ അടുത്ത ലോകകപ്പിന് ഉണ്ടായേക്കില്ല എന്നും അറിയിച്ച ലയണൽ മെസ്സിയുടെ തീരുമാനങ്ങളിൽ അഭിപ്രായം പങ്കുവെച്ച് അർജന്റീന കോച്ച് ലയണൽ സ്‌കലോണി. നാളെ പുലർച്ചെ ഓസ്‌ട്രേലിയയുമായുള്ള മത്സരത്തിന് മുന്നോടിയായി പത്രപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. ഇന്റർ മയാമിയിൽ ചേർന്ന മെസ്സിയുടെ തീരുമാനം തീർച്ചയായും നല്ലത് തന്നെയെന്ന് അദ്ദേഹം പറഞ്ഞു. “മെസ്സി ഈ തീരുമാനത്തിൽ സന്തോഷവാൻ ആണെന്നതാണ് ഏറ്റവും പ്രധാനം. ലീഗ് ഏതെന്നത് കാര്യമാക്കാതെ തുടർന്നും ആഹ്ലാദവാനായി പന്ത് തട്ടാൻ അദ്ദേഹം തെരഞ്ഞെടുത്ത വഴിയാണിത്. അദ്ദേഹം സന്തോഷത്തോടെ തുടരുക എന്നത് മാത്രമാണ് പ്രധാനം”, സ്‌കലോണി പറഞ്ഞു.
അടുത്ത ലോകകപ്പിൽ ഉണ്ടാവില്ലെന്ന മെസിയുടെ വാക്കുകൾ ചൂണ്ടിക്കാണിച്ചപ്പോൾ അത് വലിയൊരു കാലയളവാണെന്ന് സ്കലോണി ചൂണ്ടിക്കാണിച്ചു. “അടുത്ത ലോകകപ്പിന് ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്. ഈ കാലത്തിനിടക്ക് എന്ത് സംഭവിക്കും എന്ന് അദ്ദേഹത്തിനും അറിയില്ല. വളരെ ആത്മാർത്ഥമായ ഒരു അഭിപ്രായം മാത്രമായി അതിനെ കാണുന്നു. എന്ത് സംഭവിക്കും എന്ന് കാത്തിരുന്നു കാണാം”, കോച്ച് പറഞ്ഞു. ലോകകപ്പ് നേടിയ ഓർമകൾ വളരെ മധുരമുള്ളത് ആണെന്നും എന്നാൽ അതിൽ തന്നെ ഒതുങ്ങി നിൽക്കാൻ അർജന്റീനക്ക് ആവില്ലെന്നും സ്കലോണി അഭിപ്രായപ്പെട്ടു. വരുന്ന വലിയ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ മെസ്സിയെ മുഴുവൻ സമയവും കളത്തിൽ കാണാൻ സാധിച്ചേക്കുമെന്ന് സ്കലോണി ശുഭാപ്തി പ്രകടിപ്പിച്ചു.
ടീമിൽ തലമുറമാറ്റമല്ല ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് എന്ന് സ്കലോണി അഭിപ്രായപെട്ടു. ഏറ്റവും മികച്ച താരങ്ങളെ തന്നെയാണ് ടീമിൽ ഉൾപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. അർജന്റീന ലീഗിൽ നിന്നുള്ള താരങ്ങൾ ടീമിൽ ഇടം പിടിക്കാത്തത് മറ്റ് താരങ്ങൾ അവരെക്കാൾ മികവ് പുലർത്തുന്നത് കൊണ്ട് മാത്രമാണെന്നും സ്കലോണി വെളിപ്പെടുത്തി. ഇന്ത്യൻ സമയം വ്യാഴാഴ്ച്ച പുലർച്ചെ 5.30നാണ് അർജന്റീന ഓസ്‌ട്രേലിയയെ സൗഹൃദ മത്സരത്തിൽ നേരിടുന്നത്.