ഒർലാൻഡോ സിറ്റിയോട് സ്വന്തം തട്ടകത്തിൽ 3-0 ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ഹാവിയർ മഷെരാനോയുടെ കീഴിലുള്ള ഇന്റർ മയാമിയുടെ അവരുടെ മോശം ഫോം തുടർന്നു. അവസാന ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ മയാമി ടേബിളിൽ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, ഇത് അവരുടെ പ്ലേ ഓഫ് പ്രതീക്ഷകളെ ആശങ്കയിലാക്കുന്നു.

ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഉണ്ടായിരുന്നിട്ടും മിയാമിയുടെ ആക്രമണത്തിലെ മൂർച്ചയില്ലായ്മ ഈ മത്സരം തുറന്നുകാട്ടി. മെസ്സിക്ക് കളിയിലുടനീളം കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ആയില്ല.
ഗാലെസിന്റെ ഒരു ലോംഗ് ബോളിൽ നിന്ന് ലൂയിസ് മുറിയൽ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഒർലാൻഡോയ്ക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ മാർക്കോ പാസിലിക് തൊടുത്ത ഷോട്ട് ഗോൾകീപ്പർ ഓസ്കാർ ഉസ്താരിയുടെ കൈയ്യിൽ നിന്ന് വഴുതി വലയിൽ കയറിയതോടെ സന്ദർശകർ ലീഡ് ഇരട്ടിയാക്കി.
മഷെരാനോ ആക്രമണം ശക്തമാക്കാൻ പകരക്കാരെ ഇറക്കിയെങ്കിലും, അധിക സമയത്ത് ഒർലാൻഡോ മൂന്നാം ഗോൾ നേടി. ഡങ്കൻ മക്ഗ്വെയർ ഒരുക്കിയ പന്തിൽ ഡാഗർ തോർഹാൽസൺ വല കുലുക്കിയതോടെ മെസ്സിയുടെ വരവിന് ശേഷമുള്ള മിയാമിയുടെ ഏറ്റവും വലിയ ഹോം തോൽവിയായി ഇത് മാറി.