ലീഗ്സ് കപ്പിലെ ഇന്റർ മയാമിയുടെ നെകാക്സക്കെതിരായ മത്സരത്തിൽ നിന്ന് പരിക്കേറ്റ് ലയണൽ മെസ്സി നേരത്തെ കളം വിട്ടത് ആരാധകർക്കും സഹതാരങ്ങൾക്കും ആശങ്കയുണ്ടാക്കി. കളിയുടെ 11-ാം മിനിറ്റിൽ വലത് കാലിന് പരിക്കേറ്റതിനെ തുടർന്നാണ് മെസ്സി കളം വിട്ടത്. നെകാക്സയുടെ പെനാൽറ്റി ബോക്സിലേക്ക് പന്തുമായി മുന്നേറുന്നതിനിടെയാണ് മെസ്സിക്ക് പരിക്കേറ്റത്.

പ്രതിരോധ താരങ്ങളുമായി കൂട്ടിയിടിച്ചതിന് ശേഷം വേദന കൊണ്ട് താരം ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു. തുടർന്ന് വൈദ്യസഹായം തേടിയ ശേഷം മെസ്സിക്ക് കളം വിടേണ്ടി വന്നു. വലത് തുടയിലെ പേശീവലിവാണെന്നാണ് പ്രാഥമിക നിഗമനം. ഫെഡറിക്കോ റെഡോണ്ടോക്ക് ക്യാപ്റ്റൻ ആംബാൻഡ് കൈമാറിയ ശേഷം മെസ്സി നേരിട്ട് ഡ്രെസ്സിങ് റൂമിലേക്ക് പോയി.
മത്സരശേഷം, മെസ്സിക്ക് പേശീവലിവ് അനുഭവപ്പെട്ടതായി കോച്ച് ജാവിയർ മഷെറാനോ സ്ഥിരീകരിച്ചു. മെസ്സിക്ക് വേദനയില്ലായിരുന്നെന്നും, എന്നാൽ ഒരു വലിവ് അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കിന്റെ മുഴുവൻ വ്യാപ്തിയും കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്ക് ഒരു ചെറിയ പേശീവലിവാകാനാണ് സാധ്യതയെന്ന് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ മെസ്സിയുടെ ലീഗ്സ് കപ്പിലെയും എംഎൽഎസിലെയും അടുത്ത മത്സരങ്ങളിലെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നു.
ഈ സീസണിൽ 18 ഗോളുകളും 9 അസിസ്റ്റുകളും നേടിയ താരത്തിന്റെ അഭാവം ഇന്റർ മയാമിയുടെ മുന്നോട്ടുള്ള കുതിപ്പിന് കനത്ത തിരിച്ചടിയാകാൻ സാധ്യതയുണ്ട്.