പി.എസ്.ജി പരിശീലകൻ ടൂഹലിനെ പുറത്താക്കിയത് ഔദ്യോഗികമായി പ്രഖ്യാപിച്ച് പി.എസ്.ജി. കഴിഞ്ഞ ദിവസം സ്ട്രെസ്സ്ബർഗിനെ തോൽപ്പിച്ചതിന് പിന്നാലെ പി.എസ്.ജി പരിശീലകനെ പുറത്താക്കിയതായി വാർത്തകൾ ഉണ്ടായിരുന്നു. തുടർന്ന് ഇന്നാണ് പി.എസ്.ജി ഔദ്യോഗികമായി പുറത്താക്കിയ വിവരം അറിയിച്ചത്. രണ്ടര വർഷ കാലം പി.എസ്.ജിയെ പരിശീലിപ്പിച്ചതിന് ശേഷമാണ് ടൂഹലിനെ പി.എസ്.ജി പുറത്താക്കുന്നത്. പി.എസ്.ജിയെ രണ്ടര വർഷ കാലയളവിൽ ടൂഹൽ 6 ആഭ്യന്തര കിരീടങ്ങളും നേടിയിട്ടുണ്ട്. പി.എസ്.ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചതിന് ശേഷം നാല് മാസം കഴിയുന്നതിന് മുൻപാണ് ടൂഹലിനെ പി.എസ്.ജി പുറത്താക്കുന്നത്.
സീസണിന്റെ തുടക്കം മുതൽ പി.എസ്.ജിക്ക് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് ടൂഹലിനെ പുറത്താക്കാൻ പി.എസ്.ജി തീരുമാനിച്ചത്. ടൂഹലിന്റെ പകരക്കാരനായി മുൻ ടോട്ടൻഹാം പരിശീലകൻ പോച്ചെറ്റിനോ വരുമെന്നാണ് കരുതപ്പെടുന്നത്. ടോട്ടൻഹാം പുറത്താക്കിയത് മുതൽ പോച്ചെറ്റിനോ മറ്റൊരു ടീമിനെ പരിശീലിപ്പിച്ചിട്ടില്ല. 2001- 2003 കാലഘട്ടത്തിൽ പി.എസ്.ജിക്ക് വേണ്ടി നൂറിൽ പരം മത്സരങ്ങൾ കളിച്ച താരമാണ് പോച്ചെറ്റിനോ.