ലീഗ് 1 ൽ ഇന്ന് നടന്ന മത്സരത്തിൽ വിജയപരമ്പര തുടർന്ന് പിഎസ്ജി. ലെ ഹവ്രെക്കെതിരെ എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ഫ്രഞ്ച് ചാമ്പ്യന്മാർ മൂന്ന് പോയിന്റ് കാരസ്ഥമാക്കുകയായിരുന്നു. വിറ്റിഞ്ഞാ, എംപാബെ എന്നിവർ ഗോളുകൾ കണ്ടെത്തി. നിലവിലെ ഒന്നാം സ്ഥാനത്ത് 4 പോയിന്റ് ലീഡ് ആണ് പിഎസ്ജിക്കുള്ളത്. ലീഗിൽ പിഎസ്ജിയുടെ തുടർച്ചയായ ഏഴാം ജയമാണ് ഇത്.
പത്താം മിനിറ്റിൽ തന്നെ എതിർ താരത്തെ ഫൗൾ ചെയ്തതിന് ഡോന്നാറുമ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. പകരക്കാനായി പോസ്റ്റിന് കീഴിൽ എത്തിയ അർനൗ മാർട്ടിനസിന്റെ പ്രകടനം പിഎസ്ജിയുടെ ഫലത്തിൽ നിർണായ പങ്കു വഹിച്ചു. 23 ആം മിനിറ്റിൽ എംപാബെയിലൂടെ പിഎസ്ജി ലീഡ് നേടി. രണ്ടാം പകുതിയിൽ ആളെണ്ണം മുതലാക്കി എതിരാളികൾ ഇരമ്പി ആർത്തെങ്കിലും പിഎസ്ജി പ്രതിരോധം ഉറച്ചു നിന്നു. അർനൗ മാർട്ടിനസിനൊപ്പം ഡാനിലോ പേരെരയും ഡിഫെൻസിൽ അടിയിറച്ചു നിന്നു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ വിറ്റിഞ്ഞ ടീമിന്റെ രണ്ടാം ഗോളും കണ്ടെത്തി. ബോക്സിന് പുറത്തു നിന്നും താരം തൊടുത്ത ഷോട്ട് ഒരു ഡിഫ്ലെക്ഷനോടെ വലയിൽ പതിക്കുകയായിരുന്നു.