ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് തുടർച്ചയായ രണ്ടാം വിജയം. സൂപ്പർ സൈനിംഗ് ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ പി എസ് ജി ഇന്ന് സ്റ്റ്രാസ്ബർഗിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന് മുമ്പായി മെസ്സി അടക്കമുള്ള പുതിയ സൈനിംഗുകളെ പി എസ് ജി സ്റ്റേഡിയത്തിൽ കാണികൾക്ക് മുമ്പാകെ അവതരിപ്പിച്ചിരുന്നു. ഇന്ന് ആദ്യ 27 മിനുട്ടിൽ തന്നെ പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. മൂന്നാം മിനുട്ടിൽ ഇക്കാർഡിയാണ് ആദ്യ ഗോൾ നേടിയത്. ഇക്കാർഡി കഴിഞ്ഞ മത്സരത്തിലും പി എസ് ജിക്കായി ഗോൾ നേടിയിരുന്നു.
25ആം മിനുട്ടിൽ എമ്പപ്പെ തൊടുത്ത ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ വലയിൽ കയറിയതോടെ പി എസ് ജി ലീഡ് ഇരട്ടിയായി. പിന്നാലെ 27ആം മിനുട്ടിൽ എമ്പപ്പെയുടെ റൺ തന്നെ പി എസ് ജിക്ക് മൂന്നാം ഗോളും ഒരുക്കി. വലതു വിങ്ങിൽ നിന്ന് എമ്പപ്പെ ഗോൾ മുഖത്തെക്ക് തൊടുത്ത പന്ത് ഡ്രാക്സ്ലർ ആണ് വലയിൽ എത്തിച്ചത്.
രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. 53ആം മിനുട്ടിൽ ഗമേറോയും 64ആം മിനുട്ടിൽ അജോർകും ഗോൾ നേടിയതോടെ സ്റ്റ്രാസ്ബോർഗ് 3-2 എന്ന നിലയിലേക്ക് കളി മാറ്റി. പക്ഷെ പിന്നാലെ വന്ന ചുവപ്പ് കാർഡ് സന്ദർശകരുടെ പൊരുതൽ അവസാനിപ്പിച്ചു. 85ആം മിനുട്ടിൽ ജികു ആണ് ചുവപ്പ് കണ്ട് പുറത്തു പോയത്. പിന്നാലെ സരാബിയ പി എസ് ജിയുടെ നാലാം ഗോൾ നേടി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെരണ്ടു മത്സരങ്ങളിൽ ആറു പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് പി എസ് ജി.