തിരിച്ചു വരവിൽ ഗോളുമായി എംബപ്പെ, എന്നിട്ടും രണ്ടാം മത്സരത്തിലും സമനില വഴങ്ങി പി.എസ്.ജി

Wasim Akram

ഫ്രഞ്ച് ലീഗ് വണ്ണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി പി.എസ്.ജി. സ്വന്തം മൈതാനത്ത് പൊരുതി കളിച്ച ടളോസി പാരീസിനെ 1-1 നു സമനിലയിൽ തളക്കുക ആയിരുന്നു. പാരീസ് ടീമിലേക്ക് കിലിയൻ എംബപ്പെയുടെ മടങ്ങി വരവും ഇന്ന് കണ്ടു. വിരസമായ ആദ്യ പകുതിക്ക് ശേഷം എംബപ്പെയെയും, ബാഴ്‌സലോണയിൽ നിന്നു ടീമിൽ എത്തിയ ഡെമ്പേലയെയും ലൂയിസ് എൻറിക്വ ഇറക്കിയതോടെ കളിക്ക് ജീവൻ വെച്ചു.

പി.എസ്.ജി

കളത്തിൽ ഇറങ്ങി 13 മത്തെ മിനിറ്റിൽ തന്നെ എംബപ്പെ പാരീസിന് ആയി ഗോൾ നേടി. താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട ഫ്രഞ്ച് താരം പി.എസ്.ജിയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. 87 മത്തെ മിനിറ്റിൽ സക്കറിയയെ ഹകീമി പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതോടെ ആതിഥേയർക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. തുടർന്ന് അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട സക്കറിയ ആതിഥേയർക്ക് സമനില സമ്മാനിച്ചു. വിജയഗോളിന് ആയി പി.എസ്.ജി ശ്രമിച്ചെങ്കിലും എതിർ പ്രതിരോധം കുലുങ്ങിയില്ല.