ജർമ്മൻ ബുണ്ടസ്‌ലിഗയിലെ ആദ്യ മത്സരത്തിൽ കാസ്പർ ഹ്യുൽമാൻഡിന് വിജയത്തുടക്കം. അദ്ദേഹത്തിന് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ബയേർ ലെവർകുസൻ ഫ്രാങ്ക്ഫർട്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു. അലക്സ് ഗ്രിമാൽഡോയുടെ ഇരട്ട ഫ്രീ കിക്ക് ഗോളുകളാണ് ലെവർകുസന് തകർപ്പൻ ജയം സമ്മാനിച്ചത്.

കളിയുടെ പത്താം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്കിലൂടെ ഗ്രിമാൽഡോ ലെവർകുസന് ലീഡ് സമ്മാനിച്ചു. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി പാട്രിക് ഷിക്ക് വലയിലെത്തിച്ചു. ഇതോടെ ലെവർകുസൻ രണ്ട് ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ കാൻ ഉസുനിലൂടെ ഫ്രാങ്ക്ഫർട്ട് ഒരു ഗോൾ മടക്കി.
എന്നാൽ കളിയുടെ എഴുപത്തിയഞ്ചാം മിനിറ്റിൽ നായകൻ റോബർട്ട് ആൻഡ്രിക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ലെവർകുസന് തിരിച്ചടിയായി. പിന്നീട് ഇൻജുറി ടൈമിൽ എസെക്വിയിൽ ഫെർണാണ്ടസ് കൂടി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ലെവർകുസൻ ഒമ്പത് പേരായി ചുരുങ്ങി. ഈ ഘട്ടത്തിലും തളരാതെ പോരാടിയ ലെവർകുസൻ ഫ്രാങ്ക്ഫർട്ടിനെതിരെ പ്രതിരോധം തീർത്തു. ഒപ്പം ഗ്രിമാൽഡോയുടെ രണ്ടാം ഫ്രീ കിക്ക് ഗോളിൽ വിജയം ഉറപ്പിച്ചു. ഈ വിജയം പുതിയ കോച്ചിന് കീഴിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ ലെവർകുസന് പ്രചോദനമാവും.