ബാഴ്സലോണയുടെ കൗമാര താരം ലമിൻ യാമൽ ഭാവിയിലെ ബാലൺ ഡി ഓർ ജേതാവാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റിയോ ഫെർഡിനാൻഡ് പ്രശംസിച്ചു. ഈ സീസണിൽ യമാൽ ബാഴ്സലോണയെ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിച്ചാൽ താരത്തിന് പുരസ്കാരം അർഹതയുണ്ടെന്നും ഫെർഡിനാൻഡ് വിശ്വസിക്കുന്നു.

ഇന്റർ മിലാനെതിരായ സെമിഫൈനൽ ആദ്യ പാദത്തിൽ യമാൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 0-2 ന് പിന്നിൽ നിന്ന ശേഷം ടീമിനെ 3-3 എന്ന സമനിലയിലേക്ക് എത്തിക്കുന്നതിൽ താരം നിർണായക പങ്ക് വഹിച്ചു.
ലൂയിസ് കോംപാനിസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ കളിച്ച യാമൽ ഒരു ഗംഭീര ഗോൾ നേടുകയും ബാഴ്സലോണയുടെ രണ്ടാം ഗോളിന് പ്രധാന പങ്കുവഹിക്കുകയും ചെയ്തു.
17 വയസ്സും 291 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ക്ലബ്ബിനായി 100 മത്സരങ്ങൾ പൂർത്തിയാക്കാനും ഇന്നലെ യുവതാരത്തിന് ആയി. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും യമാൽ സ്വന്തമാക്കി.
“ലമിൻ യാമൽ. ഇപ്പോൾ കളി കാണാൻ ഇതിലും ആവേശകരമായ മറ്റൊരാൾ ഫുട്ബോളിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. മിലാനിലും ഫൈനലിലും അവൻ നിർണായകമായാൽ, അവൻ ബാലൻ ഡി ഓർ അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു,” മത്സരം കഴിഞ്ഞതിന് ശേഷം ഫെർഡിനാൻഡ് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ബാഴ്സലോണയുടെ പരിശീലകൻ ഹാൻസി ഫ്ലിക്കും യാമലിനെ പ്രശംസിച്ചു. “രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ഗോൾ നേടേണ്ടത് നിർണായകമായിരുന്നു. ആ അവിശ്വസനീയമായ ഗോളിലൂടെ ലമിൻ ഞങ്ങൾക്ക് വഴി കാണിച്ചു. അവൻ വളരെ നന്നായി കളിച്ചു. അവൻ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്, വലിയ മത്സരങ്ങളിൽ അവൻ എപ്പോഴും മികവ് കാണിക്കുന്നു,” ഫ്ലിക്ക് പറഞ്ഞു.