ഐസോൾ എഫ്‌സിയുടെ ടോപ് സ്കോററും ഐ-ലീഗിലെ മികച്ച കളിക്കാരിൽ ഒരാളുമായ ലാൽറിൻസുവാല ലാൽബിയാക്നിയ അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് (ഐഎസ്എൽ) ചേക്കേറാൻ ഒരുങ്ങുകയാണ്. താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി കരാറിലെത്തിയതായാണ് റിപ്പോർട്ടുകൾ. അടുത്ത മാസം നിലവിലെ കരാർ അവസാനിച്ചാലുടൻ താരം ക്ലബ്ബിൽ ചേരും.
24 കാരനായ ഈ മുന്നേറ്റ താരം കഴിഞ്ഞ സീസണിൽ 15 ഗോളുകൾ നേടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ഐ-ലീഗ് സീസണിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡും ലാൽറിൻസുവാല സ്വന്തമാക്കി. സുനിൽ ഛേത്രി, മുഹമ്മദ് റാഫി തുടങ്ങിയ ഇതിഹാസ താരങ്ങളെയാണ് അദ്ദേഹം മറികടന്നത്.
ഈ സീസണിലും താരം മികച്ച ഫോം തുടർന്നു. 12 ഗോളുകൾ നേടിയ താരം ഐസോളിനെ തരംതാഴ്ത്തലിൽ നിന്ന് രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
മോഹൻ ബഗാൻ, ജംഷഡ്പൂർ എഫ്‌സി, എഫ്‌സി ഗോവ, മുംബൈ സിറ്റി എന്നീ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും ലാൽറിൻസുവാല നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തിരഞ്ഞെടുക്കുകയായിരുന്നു.