നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ഫിഫയുടെ തർക്ക പരിഹാര ചേമ്പറിൽ പരാതി നൽകി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 2025 ജനുവരി 18-ന് നോർത്ത് ഈസ്റ്റിനെ നേരിട്ടപ്പോൾ യോഗ്യതയില്ലാത്ത ഒരു കളിക്കാരനെ ഫീൽഡ് ചെയ്തു എന്നാണ് പരാതി. ആ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഹംഗേറിയൻ ടീമായ ഡെബ്രെസെനി വിഎസ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിൽ ചേർന്ന ദുസാൻ ലഗേറ്റർ സസ്പെൻഷൻ ഉണ്ടായിട്ടും കളിച്ചു എന്നാണ് പരാതി.

ഫിഫ നോർത്ത് ഈസ്റ്റിൻ്റെ പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരം 0-3ന് നോർത്ത് ഈസ്റ്റിന് അനുകൂലമായി വിധിക്കും. ഇങ്ങനെ വന്നാൽ നോർത്ത് ഈസ്റ്റിന് രണ്ട് അധിക പോയിൻ്റുകൾ കിട്ടി ഇന്ത്യൻ സൂപ്പർ ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം സ്ഥാനം ഉറപ്പാക്കാൻ അവർക്ക് ആകും.
തുടക്കത്തിൽ ഹംഗറിയിൽ നിന്ന് സസ്പെൻഷൻ ഉള്ളതായി ബ്ലാസ്റ്റേഴ്സിന് റിപ്പോർട്ട് വന്നിരുന്നില്ല. പിന്നീട് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ആണ് സസ്പെൻഷൻ നടപ്പിലാക്കിയത്.