Picsart 22 10 30 20 35 45 971

ലാ ലീഗ; വയ്യാഡോയിഡിനെ വീഴ്ത്തി ഒസാസുന

ലാ ലീഗ, സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ വയ്യാഡോയിഡിന് എതിരെ വിജയം നേടി ഒസാസുന. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ആതിഥേയർ ജയം കുറിച്ചത്. തോൽവി അറിയാതെ തുടർച്ചയായ മൂന്നാം മത്സരം പൂർത്തിയാക്കിയ ഒസാസുന ഇതോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. റയൽ സോസിഡാഡിനേയും സെൽറ്റ വീഗൊയേയും വീഴ്ത്തി ആത്മവിശ്വാസത്തോടെ എത്തിയ വയ്യാഡോയിഡിന് തോൽവി അപ്രതീക്ഷിത തിരിച്ചടിയായി. മോയി ഗോമസ്, ചിമി അവില എന്നിവരാണ് ഒസാസുനക്ക് വേണ്ടി സ്‌കോർ ചെയ്തത്.

ആദ്യ പകുതിയിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോളുകൾ വീണത്. റോക്വെ മോസ മനു സഞ്ചസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ചിമി അവില അനായാസം വലയിൽ എത്തിച്ചു. ഇതോടെ പതിമൂന്നാം മിനിറ്റിൽ തന്നെ ഒസാസുനക്ക് മത്സരത്തിൽ ലീഡ് ആയി. പത്തൊൻപതാം മിനിറ്റിലാണ് രണ്ടാം ഗോൾ എത്തിയത്. മോയി ഗോമസിന്റെ ഗോളാണ് ഒസാസുനയെ ലീഡ് ഇരട്ടിയാക്കാൻ സഹായിച്ചത്. നിലവിൽ പതിനാല് പോയിന്റുമായി പന്ത്രണ്ടാമതാണ് വയ്യാഡോയിഡ്.

Exit mobile version