സുവാരസും മെസ്സിയും ഇരട്ട ഗോളുകൾ നേടി നിറഞ്ഞാടിയ മത്സരത്തിൽ ബാഴ്സലോണക്ക് എതിരില്ലാത്ത 5 ഗോളുകളുടെ ജയം. മെസ്സിയെയും സുവാരസിന്റെയും ഗോളുകൾക്ക് പുറമെ ഇവാൻ രാകിട്ടിച്ചിന്റെ ഗോളുമാണ് ബാഴ്സക്ക് റയൽ ബെറ്റിസിനെതിരെ ജയം സമ്മാനിച്ചത്. ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വിത്യാസം 11 ആകാനും ബാഴ്സക്കായി.
11 ആം സ്ഥാനക്കാരായ ബെറ്റിസ് പക്ഷെ ആദ്യ പകുതിയിൽ മെസ്സിയെയും സുവാരസിനെയും മികച്ച രീതിയിൽ പ്രതിരോധിച്ചതോടെ ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്. 43 ആം മിനുട്ടിൽ ഡിഫെണ്ടർ വർമാലൻ പരിക്കേറ്റ് പുറത്തായതും ബാഴ്സക്ക് തിരിച്ചടിയായി. ഉംറ്റിറ്റിയാണ് പകരം ഇറങ്ങിയത്. രണ്ടാം പകുതിയിൽ പക്ഷെ ബാഴ്സ ഫോം വീണ്ടെടുത്തതോടെ 10 മിനുട്ടിനിടയിൽ 3 ഗോളുകളാണ് ബാഴ്സ നേടിയത്. 59 ആം മിനുട്ടിൽ രാകിട്ടിച്ചിലൂടെ സ്കോർ തുറന്ന ബാഴ്സ പിന്നീട് 64 ആം മിനുട്ടിൽ മെസ്സിയുടെയും 69 ആം മിനുട്ടിൽ സുവാരസിലൂടെയും ലീഡ് മൂന്നാക്കി ഉയർത്തി. 80,89 മിനുട്ടുകളിലായി മെസ്സിയും സുവാരസും വീണ്ടും ബെറ്റിസ് വല കുലുക്കിയതോടെ ബാഴ്സയുടെ 5 ഗോൾ ജയം പൂർത്തിയായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial