Picsart 22 09 18 01 21 52 355

മാഡ്രിഡ് ഡർബി: വിജയകുതിപ്പ് തുടരാൻ റയൽ, പിടിച്ചു കെട്ടാൻ അത്ലറ്റികോ

ലാ ലീഗയിൽ സീസണിലെ ആദ്യ മാഡ്രിഡ് ഡർബി. ആദ്യ മത്സരങ്ങളിൽ സമ്പൂർണ വിജയവുമായി കുതിക്കുന്ന റയൽ മാഡ്രിഡിന് കടിഞ്ഞാണിടുകയെന്ന ദുഷ്കരമായ ജോലിയാണ് സിമിയോണിക്കും സംഘത്തിനും മുന്നിലുള്ളത്. കടലാസിൽ മികച്ച സംഘം ഉണ്ടായിട്ടും കളത്തിൽ അതിനൊത്ത പ്രകടനം കാഴ്ച്ച വെക്കാൻ കഴിയാതെ പോകുന്നത് സിമിയോണിയെ അലട്ടുന്നുണ്ടാവും.

വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് റയൽ മാഡ്രിഡ് കളത്തിലിറങ്ങുക. എൽഷെക്കെതിരെ വിജയം നേടിയതോടെ ഒന്നാം സ്ഥാനത്തേക്ക് കയറിയ ബാഴ്‌സലോണയിൽ നിന്നും വീണ്ടും പോയിന്റ് പട്ടികയുടെ നെറുകയിൽ എത്താൻ ഈ മത്സരത്തിലെ വിജയം മാഡ്രിഡിന് ആവശ്യമാണ്. കരീം ബെൻസിമക്ക് പരിക് ആണെങ്കിലും തങ്ങളെ അത് ബാധിക്കുന്നില്ലെന്ന് റയൽ തെളിയിച്ചു. ഹാസർഡ് ഗോൾ കണ്ടെത്തിയതും അവർക്ക് ഊർജമേകും.

അതേ സമയം അത്ലറ്റികോക്ക് അത്ര എളുപ്പമല്ല കാര്യങ്ങൾ. ലീഗിൽ മൂന്ന് വിജയവും ഓരോ സമനിലയും തോൽവിയുമായി ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ ലെവർകൂസനോട് തോൽവി ഏറ്റു വാങ്ങി. അതേ സമയം ലീഗ് മത്സരത്തിൽ സെൽറ്റ വീഗോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോല്പിച്ചിരുന്നു. ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജമാകും എന്നതിനാൽ വിജയം തന്നെയാവും അത്ലറ്റികോ മാഡ്രിഡിന്റെയും ലക്ഷ്യം.

അത്ലറ്റികോ മാഡ്രിഡിന്റെ തട്ടകമായ മെട്രോപൊലിറ്റാനോയിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരക്കാണ് ആരംഭിക്കുന്നത്.

Exit mobile version