ബെയ്‌ൽ തിളങ്ങിയിട്ടും റയലിന് ജയിക്കാനായില്ല

noufal

ല ലീഗെയിൽ റയൽ മാഡ്രിഡിന് നിരാശയുടെ ദിനം. ഗരേത് ബെയ്ലിന്റെ ഇരട്ട ഗോളുകൾക്കും റയലിനെ സെൽറ്റ വിഗോക്കെതിരെ ജയം സമ്മാനിക്കാനായില്ല. 2-2 ന് സമനിലയിൽ പിരിഞ്ഞതോടെ റയലിന്റെ ല ലീഗെയിലെ കിരീടം നിലനിർത്തുക എന്ന പ്രതീക്ഷകൾ അസ്തമിച്ചു. നിലവിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സക്ക് 16 പോയിന്റ് പിന്നിലായി നാലാം സ്ഥാനത്താണ്‌ റയൽ. ബാഴ്സയെക്കാൾ ഒരു മത്സരം കുറവ് കളിച്ചെങ്കിലും നിലവിലെ ഫോമിൽ റയലിന് ബാഴ്‌സയെ പിന്തുടരുക എന്നത് എളുപ്പമാവില്ല.

ബെൻസീമ ഇല്ലാതെ ഇറങ്ങിയ റയലിൽ റൊണാൾഡോക്ക് ഒപ്പം ബെയ്‌ലാണ് ആക്രമണം നയിച്ചത്‌. 33 ആം മിനുട്ടിൽ ഡാനിയേൽ വാസിലൂടെ സെൽറ്റ ആദ്യം ഗോൾ നേടിയെങ്കിലും 36 ആം മിനുട്ടിൽ ബെയ്‌ൽ റയലിനെ ഒപ്പമെത്തിച്ചു. രണ്ട് മിനുട്ടുകൾക്ക് ശേഷം ഇസ്കോയുടെ പാസ്സ് ഗോളാക്കി ബെയ്‌ൽ റായലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 72 ആം മിനുട്ടിൽ ഇയാഗോ ആസ്‌പാസിനെ നവാസ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പക്ഷെ ഗോളാക്കാൻ സെൽറ്റക്കായില്ല. പക്ഷെ 81 ആം മിനുട്ടിൽ മാക്സി ഗോമസ് ഹെഡറിലൂടെ ഗോൾ നേടി മത്സരം സമനിലയിലാകുകയായിരുന്നു. 13 ആം തിയതി വിയ്യ റയാലിനെതിരെയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial