തൃശൂർ: കേരള വനിതാ ഫുട്‌ബോൾ ലീഗിൽ ഗോകുലം കേരള ചാംപ്യൻമാർ. ഇന്ന് (1-3-25) നടന്ന ഫൈനൽ മത്സരത്തിൽ കേരള യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചായിരുന്നു മലബാറിയൻസിന്റെ പെൺപുലികൾ തുടർച്ചയായ രണ്ടാം തവണയും കേരള വനിതാ ലീഗ് കിരീടം ചൂടിയത്.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഗോകുലം അനായാസ ജയമായിരുന്നു നേടിയത്. കിരീടം മോഹിച്ച് എത്തിയ ഗോകുലം മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കേരള യുനൈറ്റഡിന്റെ ഗോൾമുഖം അക്രമിച്ചുകൊണ്ടിരുന്നു. 35ാം മിനുട്ടിൽ ദർശിനിയിലൂടെയായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ഒരു ഗോൾ വന്നതോടെ മത്സരത്തിൽ ഗോകുലം മേധാവിത്തം പുലർത്തി. എന്നാൽ പിന്നീട് ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ കേരള യുനൈറ്റഡ് താരങ്ങൾ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ഗോകുലത്തിന്റെ പ്രതിരോധം മറികടക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ മുന്നേറ്റം തുടർന്ന ഗോകുലം 71ാം മിനുട്ടിലായിരുന്നു രണ്ടാം ഗോൾ നേടിയത്. മധ്യനിരയിൽ നിന്ന് വന്ന പന്ത് കേരള യുനൈറ്റഡിന്റെ ബോക്‌സിലെത്തി. അവിടെ നിന്ന് പന്ത് റാഞ്ചിയെടുത്ത മുസ്‌കാൻ അനായാസം പന്ത് വലയിലെത്തിച്ചതോടെ സ്‌കോർ 2-0 എന്നായി.
പിന്നീട് ലീഡ് വർധിപ്പിക്കാൻ ഗോകുലം ശക്തമായ ശ്രമങ്ങൾ നടത്തിയെങ്കിലും മുന്നേറ്റങ്ങളൊന്നും വിജയം കണ്ടില്ല. ഗോൾ മടക്കാനുള്ള കേരള യുനൈറ്റഡിന്റെ ശ്രമങ്ങളും പരാജയപ്പെട്ടതോടെ മത്സരം 2-0 എന്ന സ്‌കോറിൽ അവസാനിക്കുകയായിരുന്നു. ആകെ മൂന്ന് കെ ഡബ്ലു എൽ നേടിയ ഗോകുലത്തിൻ്റെ
തുടർച്ചയായ രണ്ടാമത്തേ കിരീട നേട്ടമാണിത്.