ഇന്ത്യയിലുടനീളമുള്ള സിറ്റി, ഡിസ്ട്രിക്റ്റ്, സ്റ്റേറ്റ് ലീഗുകളിലെ എല്ലാ ഡിവിഷനുകളിലും വിദേശ കളിക്കാർക്ക് പൂർണ്ണമായ നിരോധനം പ്രഖ്യാപിച്ച എ ഐ എഫ് എഫ് കേരളത്തിൽ ഈ നവംബറിൽ നടക്കാൻ പോകുന്ന കേരള സൂപ്പർ ലീഗ് ഫുട്ബോളിന് ഇളവ് ലഭിക്കും. കേരള സൂപ്പർ ലീഗിൽ വിദേശ താരങ്ങളെ കളിപ്പിക്കാൻ എ ഐ എഫ് എഫ് അനുവദിക്കും എന്ന് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. പ്രഥമ സീസണ് ഒരുങ്ങുന്ന കെ എസ് എല്ലിന് ഇത് ഒരു വലിയ അഡ്വാന്റേജ് ആകും.
കേരള സൂപ്പർ ലീഗ് ഫ്രാഞ്ചൈസി ലീഗ് ആണ് എന്നതാണ് ഇത്തരത്തിൽ ഒരു ഇളവ് ലഭിക്കാൻ കാരണം. സംസ്ഥാന ലീഗായ കേരള പ്രീമിയർ ലീഗിൽ പക്ഷെ വിദേശ താരങ്ങൾ ഉണ്ടാകില്ല. കെ എസ് എല്ലിനായുള്ള താരലേലം ജൂണിൽ നടത്താൻ ആണ് സംഘാടകർ ഉദ്ദേശിക്കുന്നത്.
പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഇന്ത്യൻ കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ നൽകുന്നതിനും വേണ്ടിയാണ് എ ഐ എഫ് എഫ് വിദേശ താരങ്ങളെ സംസ്ഥാന ലീഗുകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. നിരോധനം പുരുഷ-വനിതാ ടീമുകൾക്ക് എല്ലാം ബാധകമാകും, ഈ പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.