2010 നു ശേഷം ഏതു വിഷമഘടത്തിലും ക്ലബിന് വേണ്ട സമയത്ത് ആഴ്സണലിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു നിലനിന്ന താരമായിരുന്നു ആഴ്സണലിന്റെ നായകൻ കൂടിയായ ലോറന്റ് കൊഷ്യൽനി. ഏതാണ്ട് ഇതേ ബഹുമാനവും ആദരവും ക്ലബ് കൊഷ്യൽനിക്കും നൽകി, പരിക്കേറ്റു ലോകകപ്പ് വരെ നഷ്ടമായ സമയത്ത് പോലും കൊഷ്യൽനിക്ക് ഒപ്പം സകല പിന്തുണയുമായി ക്ലബും ആഴ്സണലും നിന്നു. എന്നാൽ അത്തരമൊരു താരം ക്ലബ് വിടുന്നത് സമീപ കാലത്ത് ക്ലബുമായി കലാഹിച്ച് പുതുവഴി തേടിയ പല താരങ്ങൾ പോലെയാണ് എന്നത് ഇരു കൂട്ടരെയും സംബന്ധിച്ച് നീതികരിക്കാവുന്ന ഒന്നായിരുന്നില്ല. പ്രത്യേകിച്ച് ആരാധകർക്ക് ഇത് വലിയ മാനസികവിഷമം ആണ് നൽകിയത്. ഇന്ന് ഫ്രഞ്ച് ക്ലബ് ബോർഡക്സിലേക്ക് മാറിയ കൊഷ്യൽനി വിഷയത്തിൽ ശരിക്കും ആരുടെ ഭാഗത്ത് ആണ് തെറ്റ് എന്നു അറിയാൻ ശ്രമിക്കുന്നത് നന്നായിരിക്കും.
ഇനി 1 വർഷത്തെ മാത്രം കരാർ അവശേഷിക്കുന്ന കൊഷ്യൽനി തനിക്ക് ആഗ്രഹിച്ച കരാർ ക്ലബ് നൽകാത്തതിൽ പ്രതിഷേധിച്ച് ആഴ്‌സണലിന്റെ പ്രീ സീസൺ മത്സരങ്ങളിൽ പങ്കെടുക്കാൻ അമേരിക്കയിൽ പോകാൻ വിസമ്മതിച്ചതോടെയാണ് ക്ലബും കൊഷ്യൽനിയും തമ്മിലുള്ള വടംവലി ആരംഭിക്കുന്നത്. പ്രത്യേകിച്ച് തനിക്ക് ആഴ്‌സണലിലും നല്ല കരാറുകൾ നൽകാൻ മറ്റ് ക്ലബുകൾ മുന്നോട്ട് വന്നത് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കൊഷ്യൽനിയെ നയിച്ചു. എന്നാൽ 34 കാരനായ കൊഷ്യൽനിക്ക് പകരമൊരു കരാർ നൽകില്ല എന്ന തീരുമാനം ക്ലബ് മുമ്പേ കൈകൊണ്ടു എന്നു വേണം മനസ്സിലാക്കാൻ. തങ്ങൾ നൽകുന്ന കരാറിൽ ഒപ്പ് വച്ച് അണ്ടർ 23 ടീമിനൊപ്പം പരിശീലനം ചെയ്‌ത് ക്ലബിന്റെ ആദ്യ ടീമിലേക്ക് തിരിച്ചെത്താം എന്ന ക്ലബ് നിർദേശം ഒരു തരത്തിലും കൊഷ്യൽനിക്ക് സ്വീകാര്യമായിരുന്നില്ല.
ഒപ്പം സമീപകാലത്ത് അലക്സിസ് സാഞ്ചസ്, ആരോൺ റമ്സി തുടങ്ങിയ താരങ്ങളിൽ സംഭവിച്ച വലിയ അബദ്ധം മുമ്പിൽ കണ്ട ആഴ്സണൽ തുടരാൻ താല്പര്യം ഇല്ലാത്ത താരത്തെ അയ്യാൾ ക്ലബിന് എത്ര വേണ്ടപ്പെട്ടവർ ആയാലും നില നിർത്തേണ്ട എന്ന ഒരു തീരുമാനം കൂടി എടുത്തപ്പോൾ കൊഷ്യൽനി ആഗ്രഹിച്ചപോലെ അദ്ദേഹത്തിനു പുറത്തേക്കുള്ള വഴി തുറന്നു. ഒരു തരത്തിൽ ഇരു കൂട്ടരും ആഗ്രഹിച്ച തീരുമാനം. എന്നാൽ ഇവിടെ കൊഷ്യൽനി ക്ലബിനോടുള്ള കൂറ് മറന്നെന്നും ക്ലബ് കൊഷ്യൽനിയോട് നീതി കാണിച്ചില്ല എന്നുമുള്ള പരാതികൾ ഉയർന്നു. എന്നാൽ കച്ചവടത്തിന്റെ നിലനിൽപ്പിനായുള്ള താൽപര്യങ്ങൾ മുന്നിൽ നിൽക്കുന്ന ഇക്കാലത്ത് ഇത്തരം നടപടികൾ സ്വാഭാവികമാണ് എന്നതാണ് വാസ്തവം. സ്വന്തം രാജ്യത്ത് കളി അവസാനിപ്പിക്കാം എന്ന വിഷയവും കൊഷ്യൽനിയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. കളത്തിൽ നായകരുടെ കുറവ് എന്നും വലിയ വിന വരുത്തുന്ന ആഴ്സണലിന് കൊഷ്യൽനിയുടെ അഭാവത്തിൽ പ്രത്യേകിച്ച് വലിയ നഷ്ടം തന്നെയാണ് സംഭവിക്കുക. കളത്തിൽ നയിക്കാൻ നായകർ ഇല്ല എന്നത് ആഴ്സണലിന് ഈ സീസണിലും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ക്ലബും കൊഷ്യൽനിയും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചപ്പോൾ അർഹിച്ച നിലയിൽ ഉള്ള ഒരു യാത്രയയപ്പ് തങ്ങളുടെ ഇന്നും പ്രിയപ്പെട്ട കൊഷ്യൽനിക്ക് നൽകാൻ സാധിക്കാത്തതിന്റെ വിഷമം ആഴ്സണൽ ആരാധകർക്ക് ഒക്കെയും ഉണ്ട്.