പുതിയ പരിശീലകനെ അന്വേഷിക്കുന്ന ബയേൺ മ്യൂണിക്ക് ബേർൺലി പരിശീലകൻ ആയ കൊമ്പനിയെ സ്വന്തമാക്കും. നീണ്ട ചർച്ചകൾക്ക് ശേഷം കൊമ്പനിയും ബയേണും തമ്മിൽ കരാർ ധാരണയിൽ എത്തി. ബേർൺലിക്ക് ഒരു നൽകേണ്ട നഷ്ടപരിഹാര തുക കൂടെ തീരുമാനം ആയാൽ ബയേണും കൊമ്പനിയും കരാറിൽ ഒപ്പിടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
ടുഷലിന് പകരക്കാരനായി പലരെയും പരിഗണിച്ച ബയേൺ അവസാനം കൊമ്പനിയിൽ എത്തുക ആയിരുന്നു. വലിയ ഭാവി ഉള്ള പരിശീലകനാണ് കൊമ്പനി എന്ന് ബയേൺ വിശ്വസിക്കുന്നു. ബേർൺലി പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയതോടെ കൊമ്പനി ക്ലബ് വിടും എന്ന് സൂചനകൾ ഉണ്ടായിരുന്നു. അപ്പോൾ ആണ് ബയേണിന്റെ ഓഫർ വരുന്നത്.
മാഞ്ചസ്റ്റർ സിറ്റി ഇതിഹാസ താരം കൂടിയായ കൊമ്പനി ഇംഗ്ലണ്ടിലേക്ക് തിരികെയെത്തിയത് മുതൽ ബേർൺലിയിൽ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ബേർൺലി പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിക്കാനും കൊമ്പനിക്ക് ആയിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ ആ മികവ് തുടരാൻ കൊമ്പനിക്ക് ആയില്ല. ഇതിനു മുമ്പ് ബെൽജിയൻ ക്ലബായ ആൻഡർലെചിന്റെ പരിശീലകനായിരുന്നു കൊമ്പനി.
മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായിരുന്ന അദ്ദേഹം സിറ്റിക്ക് ഒപ്പം 14 കിരീടങ്ങൾ നേടിയിരുന്നു. ഇതിൽ നാലു പ്രീമിയർ ലീഗും നാലു എഫ് എ കപ്പും ഉൾപ്പെടുന്നു. ഒരു തവണ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.