തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം സെമി പോരാട്ടത്തിൽ പാലക്കാടിനെ തോൽപ്പിച്ചാണ് കോട്ടയം ഫൈനലിലേക്ക് കടന്നത്. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോട്ടയത്തിന്റെ വിജയം. ആവേശകരമായ മത്സരം ആയിരുന്നു രണ്ടാം സെമിയിൽ നടന്നത്. ഒരു പെനാൾട്ടി നഷ്ടപ്പെടുത്തലും ഒരു ഗോൾ ലൈൻ ക്ലിയറൻസുമൊക്കെ ഇന്നത്തെ സെമിയിൽ കണ്ടു.
കോട്ടയത്തിനായി ഹാരിസ് റഹ്മാനാണ് വിജയ ഗോൾ നേടിയത്. ആ ഗോളിന് മുമ്പ് ഒരു പെനാൾട്ടി കോട്ടയത്തിന് ലഭിച്ചിരുന്നു എങ്കിലും ലക്ഷ്യം കണ്ടെത്താൻ ആയില്ല. പാലക്കാടിന്റെ ആവട്ടെ ഗോൾ എന്നുറച്ച ഒരു അവസരം ഗോൾ ലൈനിൽ നിന്ന് ക്ലിയർ ചെയ്യപ്പെടുകയും ചെയ്തു. നാളെ നടക്കുന്ന ഫൈനലിൽ മലപ്പുറത്തെ ആണ് കോട്ടയം നേരിടുക. ഇന്നലെ നടന്ന ആദ്യ സെമിയിൽ തിരുവനന്തപുരത്തെ തോൽപ്പിച്ച് മലപ്പുറം ഫൈനലിൽ കടന്നിരുന്നു.