03-Aug-2024- മലപ്പുറം: ഐ-ലീഗ് 3-ൽ കേരളത്തിൽ നിന്നുള്ള രണ്ട് പ്രതിനിധികളിൽ ഒരാളായ കേരള യുണൈറ്റഡ് പഞ്ചാബിൽ നിന്നുള്ള ദൽബീർ ഫുട്ബോൾ അക്കാദമിക്കെതിരെ 3-0 ന് വിജയിച്ചുകൊണ്ട് തുടക്കം കുറിച്ചു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്, ലാൽമുവാനവ്മ ആദ്യ ഗോളും, മധ്യനിര താരം ക്രെയ്ഗ് മങ്ഖാൻലിയൻ ഇരട്ട ഗോളുകളും നേടി.
കേരള യുണൈറ്റഡ് സ്റ്റാർടിംഗ് ഇലവൻ
ഇരു ടീമുകളും ലീഡ് നേടാനുള്ള ആവേശത്തോടെയാണ് മത്സരം തുടങ്ങിയത്. സംഭവബഹുലമായ ആദ്യ പകുതിയിൽ കേരള യുണൈറ്റഡ് ആധിപത്യം പുലർത്തി, ടീമിന് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സ്‌കോർ ചെയ്യാനായില്ല. മഴക്കെടുതിയിൽ തകർന്ന ഡെംപോ അക്കാദമി ഗ്രൗണ്ട് പിച്ച് ഇരു ടീമുകൾക്കും നേട്ടമുണ്ടാക്കിയില്ല. ആദ്യ പകുതി തുല്യതയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഇരുടീമുകളും പുതു വീര്യത്തോടെ തുടങ്ങിയെങ്കിലും ആദ്യം ഗോൾ നേടിയത് കേരള യുണൈറ്റഡിനായിരുന്നു. 55-ാം മിനിറ്റിൽ ഒരു കോർണർ കിക്കിൽ നിന്നാണ്ലാ ആദ്യ ഗോൾ പിറന്നത്. ലാൽമുവാനവ്മ, കോർണർ കിക്ക് ഹെഡ് ചെയ്ത ഗോൾ ആക്കുകയായിരുന്നു. ആദ്യ ഗോളിന് പിന്നാലെ, കേരള യുണൈറ്റഡ് മത്സരത്തിൻ്റെ നിയന്ത്രണം പിടിച്ചെടുക്കാൻ തുടങ്ങി, മധ്യനിരയിൽ മികച്ച ഔട്ടിംഗ് നടത്തിയ ക്രെയ്ഗ് മാങ്ഖാൻലിയൻ രണ്ട് ഗോളുകൾ കൂടി ചേർത്തു.
ഈ വിജയം നടന്നു കൊണ്ടിരിക്കുന്ന ഐ-ലീഗ് 3-ലെ ഗ്രൂപ്പ് ബിയിൽ കേരള യുണൈറ്റഡിനെ മുൻനിരയിൽ എത്തിച്ചിരിക്കുകയാണ്. 05-സെപ്തംബർ-2024-ന് ഓറഞ്ച് എഫ്‌സിക്കെതിരായ വരാനിരിക്കുന്ന അടുത്ത മത്സരത്തിൽ, ഈ വിജയത്തിൽ നിന്ന് ഊർജം കണ്ടെത്തി മികച്ച പ്രകടനം കാഴ്ചവെക്കാൻ ആണ് ടീം ശ്രമിക്കുക.