കേരള സൂപ്പർ ലീഗ് എന്ന് നടക്കും എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരമാകുന്നു. വരുന്ന ആഗസ്റ്റിൽ കേരള സൂപ്പർ ലീഗ് നടക്കും എന്ന് ലീഗ് അധികൃതർ തന്നെ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ ഇബ്രാഹിമോവിച്, കകാ, കഫു, ഹൾക്ക് എന്നിവരുൾപ്പെടെ വലിയ താരങ്ങൾ കെ എസ് എൽ കളിക്കാൻ എത്തും എന്നും കേരള സൂപ്പർ ലീഗ് സി ഇ ഒ മാത്യു ജോസഫ് പറയുന്നു. മീഡിയവൺ ആണ് കേരള സൂപ്പർ ലീഗിനെ കുറിച്ച് പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടത്.
അടുത്ത മാസം തന്നെ ഫ്രാഞ്ചൈസികൾ ഏതെന്ന് പ്രഖ്യാപിക്കും. ഇബ്രാഹിമോവിച് അടക്കമുള്ള സൂപ്പർ താരങ്ങളുമായി ചർച്ചകൾ നടത്തി എന്നും അവർ കേരള സൂപ്പർ ലീഗിൽ കളിക്കാൻ സമ്മതിച്ചിട്ടുണ്ട് എന്നും മാത്യു ജോസഫ് പറയുന്നു.
ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ ആകും കേരള സൂപ്പർ ലീഗ് നടക്കുക. 6 വിദേശ താരങ്ങൾ ഒരോ ടീമിലും ഉണ്ടാകും. കേരള മുഖ്യമന്ത്രി പിണറായി മാസങ്ങൾക്ക് മുമ്പ് കെ എസ് എല്ലിന്റെ ഔദ്യോഗിക ലോഞ്ച് നടത്തിയിരുന്നു എങ്കിലും അതിനു ശേഷം ലീഗിനെ കുറിച്ച് അധികം അപ്ഡേറ്റുകൾ വരാതിരുന്നത് ഫുട്ബോൾ പ്രേമികളെ നിരാശരാക്കിയിരുന്നു. പുതിയ വാർത്ത കേരള ഫുട്ബോൾ പ്രേമികൾക്ക് ഏറെ സന്തോഷവും പ്രതീക്ഷയും നൽകും.
കേരളത്തിലെ നാല് വേദികളിലായാകും കെ എസ് എൽ നടക്കുക. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായിരിക്കും ടീമുകള്‍ എന്നാണ് സൂചന.