കേരള സൂപ്പർ ലീഗ് എന്ന കേരള ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന പ്രൊഫഷണൽ ലീഗിന്റെ ഔദ്യോഗിക ലോഞ്ച് ഇന്ന് നടന്നു. ഉദ്ഘാടന സീസണിൽ കളിക്കാൻ പോകുന്ന അഞ്ചു ടീമുകളുടെ പേരും ലോഗോയും ഇന്ന് നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. ആറ് ടീമുകൾ ആകും ആദ്യ സീസണിൽ കേരള സൂപ്പർ ലീഗിന്റെ ഭാഗമാവുക.
മലപ്പുറത്ത് നിന്ന് മലപ്പുറം ഫുട്ബോൾ ക്ലബ്, കോഴിക്കോട് നിന്ന് കോഴിക്കോട് സുൽത്താൻസ് എഫ് സി, തിരുവനന്തപുരം ആസ്ഥാനമായി തിരുവനന്തപുരം കൊമ്പൻസ്, തൃശ്ശൂരിൽ നിന്ന് തൃശ്ശൂർ റോർ ഫുട്ബോൾ ക്ലബ്, കണ്ണൂരിൽ നിന്ന് കണ്ണൂർ സ്ക്വാഡ് ഫുട്ബോൾ ക്ലബ്, കൊച്ചി ആസ്ഥാനമായി കൊച്ചി പൈപേഴ്സ് എന്നിവരാണ് ആദ്യ സീസണിലെ ടീമുകൾ.
ഈ വർഷം സെപ്റ്റംബറിൽ KSL ആരംഭിക്കുമെന്നും 45 മുതൽ 60 ദിവസം വരെ നീണ്ടു നിൽക്കും എന്നും KFA പ്രസിഡൻ്റ് നവാസ് മീരാൻ സ്ഥിരീകരിച്ചു. കേരള ബ്ലാസ്റ്റേഴ്സിൻ്റെയും ഗോകുലം കേരളയുടെയും കളികളെ ബാധിക്കാത്ത രീതിയിൽ ആകും കേരള സൂപ്പർ ലീഗിലെ മത്സരങ്ങൾ നടക്കുക.
മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങൾ നടക്കുക. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം (കോഴിക്കോട്), ജെഎൽഎൻ സ്റ്റേഡിയം (കൊച്ചി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (മലപ്പുറം) എന്നിവ ആകും ആദ്യ സീസണിലെ വേദികൾ.
മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ടെലിക്കാസ്റ്റും ചെയ്യും.