സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ. ഇന്ന് ഹൈദരാബാദിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തോൽപ്പിച്ച് ആണ് കേരളം ഫൈനലിലേക്ക് മുന്നേറിയത്. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം. റോഷൽ കേരളത്തിനായി ഹാട്രിക്ക് നേടി.
മത്സരത്തിന്റെ 25ആം മിനിറ്റിൽ നസീബ് റഹ്മാനിലൂടെയാണ് കേരളം ലീഡ് എടുത്തത്. നസീബ് മനോഹരമായി ഗോൾ കീപ്പറെ വെട്ടിച്ചുകൊണ്ട് മുന്നേറി ഒഴിഞ്ഞ വലയിലേക്ക് പന്ത് എത്തിക്കുകയായിരുന്നു. എന്നാൽ ഈ ലീഡ് അധികസമയം നീണ്ടു നിന്നില്ല. 30ആം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ മണിപ്പൂർ സമനില നേടി.
പൊരുതികളിച്ച കേരളം ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഹമ്മദ് അജ്സലിലൂടെ ലീഡ് വീണ്ടെടുത്തു. ആദ്യപകുതി 2-1 എന്ന നിലയിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ മണിപ്പൂർ സമനില ഗോളിനായി ആഞ്ഞു ശ്രമിച്ചു എങ്കിലും കേരള ഡിഫൻസ് അവരുടെ കരുത്ത്കാട്ടി. ഗോൾകീപ്പർ അജ്മലിന്റെ മികച്ച സേവുകൾ കേരളത്തിന് തുണയായി.
72ആം മിനുട്ടിൽ സബ്ബായി എത്തിയ മുഹമ്മദ് റോഷലിന്റെ ഫിനിഷ് കേരളത്തിന്റെ വിജയം ഉറപ്പിച്ചു. പെനാൽറ്റി ബോക്സിന് പുറത്തു നിന്നുള്ള ഷോട്ടിൽ നിന്നാണ് റോഷൽ തന്റെ ഗോൾ നേടിയത്. അവസാനം 87ആം മിനുട്ടിൽ റോഷൽ തന്റെ രണ്ടാം ഗോളും നേടി. 96ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ റോഷൽ ഹാട്രിക്കും വിജയവും വിജയം പൂർത്തിയാക്കി.
ഇനി സന്തോഷ് ട്രോഫി ഫൈനലിൽ വെസ്റ്റ് ബംഗാളിനെ ആകും കേരളം നേരിടുക