കേരള ഫുട്ബോൾ ഇന്ത്യൻ ഫുട്ബോളിന്റെ തലപ്പത്തേക്ക് എത്തുമ്പോൾ

കേരളം ഇന്ന് സന്തോഷ് ട്രോഫിയിൽ നേടിയ വിജയം വലിയ സന്തോഷം നൽകുന്ന ഒന്ന് തന്നെയാണ്. ഒരു ദശകത്തിന് മുമ്പ് പേരിന് ഒരു പ്രൊഫഷണൽ ക്ലബ് പോലും ഇല്ലാതെ കഷ്ടപ്പെടുകയായിരുന്ന കേരളത്തിന്റെ ഫുട്ബോൾ ലോകം ഇപ്പോൾ ഓർമ്മകളിൽ ഉള്ള ഫുട്ബോളിന്റെ പ്രതാപ കാലങ്ങളിലേക്ക് തിരികെ വരികയാണെന്ന് നിസ്സംശയം നമ്മുക്ക് പറയാം. കേരള ഫുട്ബോൾ ഇന്ത്യം ഫുട്ബോളിന്റെ തന്നെ തലപ്പത്ത് നിൽക്കുകയാണെന്ന് നമ്മൾ പറഞ്ഞാലും അധികം എതിർപ്പുകൾ വരാൻ സാധ്യതയില്ല.

ഒരു സന്തോഷ് ട്രോഫി കിരീടം കണ്ടല്ല ഇത് പറയുന്നത്. ഐ ലീഗ് എടുക്കാം. ആരാണ് ചാമ്പ്യന്മാർ. ഗോകുലം കേരളം. ആരാണ് ഇപ്പോൾ ലീഗിൽ ഒന്നാമത്. അതും കേരളത്തിന്റെ ഗോകുലം കേരള തന്നെ. ഇന്ത്യൻ വനിതാ ലീഗിലും ഗോകുലം തന്നെ നിലവിലെ ചാമ്പ്യൻസും നിലവിൽ ലീഗിൽ ഒന്നാമത് ഉള്ളതും.
Img 20220503 Wa0024
ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ ഫോഴ്സായി വളരുന്നത് കഴിഞ്ഞ സീസണിൽ കണ്ടു. നമ്മൽ അവിടെ റണ്ണേഴ്സ് അപ്പാണ്.

ഇനി കെ പി എൽ എടുത്താൽ 22 ക്ലബുകളാണ് ഇത്തവണ ഏറ്റുമുട്ടിയത്. ഇന്ത്യയിൽ വേറെ ഒരു സംസ്ഥാനത്തിനും ചിന്തിക്കാൻ ആകാത്ത അത്ര മികച്ച സ്റ്റേറ്റ് ലീഗ്. മൂന്നാമത് ഒരു ക്ലബ് ദേശീയ ലീഗിലേക്ക് കേരളത്തിൽ നിന്ന് എത്തുന്ന കാലം വിദൂരമല്ല എന്ന സൂചനകൾ ആണ് കെ പി എല്ലും ഇപ്പോൾ ഉയർന്നു വരുന്ന ഒരുപാട് പ്രൊഫഷണൽ ക്ലബുകളും നൽകുന്നത്.

വനിതാ ലീഗും കേരളം നടത്തി തുടങ്ങി എന്നതും ശുഭ സൂചന തന്നെ. എല്ലാത്തിനും അപ്പുറം കേരളത്തിൽ ഫുട്ബോളിന് ലഭിക്കുന്ന പിന്തുണ തന്നെ നോക്കാം. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളുടെ സ്ക്രീനിങിന് കണ്ട ജനം വേറെ എത് നാടിനാണ് സ്വപനം എങ്കിലും കാണാ‌ൻ ആവുക. ജീവനില്ലാതെ പോന്നിരുന്ന സന്തോഷ് ട്രോഫിക്കായി ഗ്യാലറി നിറക്കാനും നമ്മുക്ക് മാത്രമെ ആവുകയുള്ളൂ. കേരള ഫുട്ബോൾ ഇപ്പോൾ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിൽ തന്നെയാണ്. ഇനിയും ഉയരങ്ങൾ ഉണ്ട് കീഴടക്കാൻ എങ്കിലും.