അസമിലെ സിലാപത്തർ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ കേരളവും റെയിൽവേയ്സും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ ഒരു ഓൺ ഗോളിലൂടെ കേരളമാണ് മുന്നിലെത്തിയത്. മികച്ച മുന്നേറ്റങ്ങളും പന്ത് കൈവശം വെക്കുന്നതിലെ കൃത്യതയും ആദ്യ പകുതിയിൽ കേരളത്തിന് മേൽക്കൈ നൽകി.
എന്നാൽ രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ കേരളത്തിന്റെ പിഴവ് മുതലെടുത്ത റെയിൽവേയ്സ്, ഒരു കോർണർ കിക്കിലൂടെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു.
ആദ്യ മത്സരത്തിൽ പഞ്ചാബിനെ തകർത്ത ആത്മവിശ്വാസത്തിലിറങ്ങിയ കേരളത്തിന് ഈ സമനിലയോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റായി. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തിനായി പൊരുതുന്ന കേരളത്തിന് വരും മത്സരങ്ങളിൽ കളി നിയന്ത്രിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഇനി ജനുവരി 26ന് ഒഡീഷയ്ക്ക് എതിരെയാണ് കേരളത്തിന്റെഅടുത്ത മത്സരം.









