വിജയം തുടരണം; കേരള ബ്ലാസ്റ്റേഴ്സ് നാളെ സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിക്കെതിരെ

Newsroom

Picsart 25 11 02 22 35 30 951
Download the Fanport app now!
Appstore Badge
Google Play Badge 1

പനാജി, നവംബർ 2, 2025: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ സൂപ്പർ കപ്പ് 2025 പോരാട്ടം തുടരുന്നു. നാളെ നടക്കുന്ന ഗ്രൂപ്പ് ഡി-യിലെ രണ്ടാം മത്സരത്തിൽ സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിയാണ് എതിരാളികൾ. ബാംബോളിമിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് വൈകുന്നേരം 4:30 നാണ് മത്സരം.

1000317005

മത്സരങ്ങളിൽ നിന്നുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം രാജസ്ഥാൻ യുണൈറ്റഡിനെതിരെ 1-0 ൻ്റെ മികച്ച വിജയം നേടിയാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് യാത്ര തുടങ്ങിയത്. ടീമിൻ്റെ ആത്മവിശ്വാസവും കളിക്കളത്തിലെ മികവും തെളിയിച്ച മത്സരമായിരുന്നു അത്. അതേസമയം, ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോട് 4-1 ന് പരാജയപ്പെട്ട സ്പോർട്ടിങ് ക്ലബ്ബ് ഡൽഹി, ഈ മത്സരത്തിൽ ശക്തമായ പ്രകടനം നടത്താൻ ശ്രമിക്കുമെന്നുറപ്പാണ്.

ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല:
“രാജസ്ഥാനെതിരായ ആ ജയം പ്രധാനമാണ്, പക്ഷേ ഇത് തുടക്കം മാത്രമാണ്. ഞങ്ങൾ നന്നായിത്തന്നെ തുടങ്ങി, ഇനി ഈ ഊർജ്ജവും ശ്രദ്ധയും വരും കളികളിൽ നിലനിർത്തണം. ഈ കളി ജയിക്കാനുള്ള ആത്മവിശ്വാസം കളിക്കാർക്കുണ്ട്. സ്പോർട്ടിങ് ക്ലബ്ബ് ഡൽഹി ചെറുപ്പക്കാരുടെ, മിടുക്കുള്ള ടീമാണ്, ആദ്യ കളി അവർ തോറ്റതിനാൽ കൂടുതൽ ശക്തിയോടെ പോരാടാൻ വരും, അതുകൊണ്ട് നമ്മൾ ശ്രദ്ധിച്ചു കളിക്കണം, അവരെ കൃത്യമായി മനസ്സിലാക്കി നമ്മുടെ കളി അവരിൽ അടിച്ചേൽപ്പിക്കുകയും വേണം.”

അടുത്തിടെ ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് പേര് മാറ്റി ഡൽഹിയിലേക്ക് കൂടുമാറിയ സ്പോർട്ടിങ് ക്ലബ്ബ് ഡൽഹി, പരിശീലകൻ തോമസ് ടോർസിന്റെ കീഴിൽ ഒത്തിണക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ്. മുംബൈ സിറ്റിയോടുള്ള തോൽവി ചില കുറവുകൾ കാണിച്ചെങ്കിലും, ആന്ദ്രേ ആൽബ പെനാൽറ്റിയിലൂടെ ഗോൾ നേടി അവരുടെ ആക്രമണ സാധ്യതകൾ തെളിയിച്ചു.

കോൾഡോ ഒബിയെറ്റ നേടിയ ഗോളും അതിന് ഹുവാൻ റോഡ്രിഗസ് നൽകിയ മികച്ച അസിസ്റ്റും ചേർന്നാണ് ബ്ലാസ്റ്റേഴ്‌സിന് രാജസ്ഥാന് എതിരെ വിജയമൊരുക്കിയത്. അരങ്ങേറ്റ മത്സരത്തിൽത്തന്നെ പുതിയ സ്‌ട്രൈക്കർ ഗോൾ നേടിയത് ടീമിൻ്റെ ആക്രമണ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു.

ഉയർന്ന ആത്മവിശ്വാസത്തിലും ലക്ഷ്യബോധത്തിലും കളത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിയെ പരാജയപ്പെടുത്തി ഗ്രൂപ്പിലെ സ്ഥാനം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.