ഇന്ത്യൻ യുവതാരം സുമിത് ശർമ്മയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്വന്തമാക്കി

Newsroom

Sumit Sharma
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി – ജൂലൈ 7, 2025: ഇന്ത്യൻ യുവപ്രതിരോധനിര താരം ബ്രഹ്മചാരിമയം സുമിത് ശർമ്മയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബ് കരാർ ഒപ്പിട്ടു. 18 വയസ്സുകാരനായ സുമിത് മൂന്ന് വർഷത്തെ കരാറിലാണ് ക്ലബ്ബിൽ ചേരുന്നത്.

മണിപ്പൂരിലെ ക്ലാസിക് ഫുട്ബോൾ അക്കാദമിയിൽ കളിച്ചു വളർന്ന സുമിത്, ഇന്ത്യയുടെ അണ്ടർ-17, അണ്ടർ-20 ടീമുകളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. 2024-ൽ സാഫ് അണ്ടർ-17 ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ടീമിലെ അംഗമായിരുന്നു സുമിത്. അതേ ടൂർണമെന്റിൽ ഗോൾ നേടിയതിലൂടെ പ്രതിരോധത്തിനൊപ്പം ആക്രമണത്തിലും തനിക്ക് സംഭാവന നൽകാനാകുമെന്ന് അദ്ദേഹം തെളിയിച്ചു. ഈ വർഷം ഇന്ത്യയിൽ നടന്ന സാഫ് അണ്ടർ-19 ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ ടീമിലും അദ്ദേഹം അംഗമായിരുന്നു. കൂടാതെ, ഈ വർഷം ആദ്യം ജോർദാൻ, സിറിയ, ഇന്തോനേഷ്യ തുടങ്ങിയ ശക്തരായ എതിരാളികൾക്കെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലും അണ്ടർ-20 ടീമിനൊപ്പം സുമിത് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കളിയിലെ പക്വതയും മികച്ച അവബോധവും സുമിത്തിന്റെ സവിശേഷതകളാണ്.

സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സിഇഒ അഭിക് ചാറ്റർജി:

“മുൻപ് പറഞ്ഞിട്ടുള്ളത് പോലെ തന്നെ, അടുത്ത തലമുറയിലെ ഇന്ത്യൻ ഫുട്‌ബോൾ കളിക്കാരെ കണ്ടെത്തി വളർത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി. സുമിത് മികച്ച ഫുട്ബോൾ അടിത്തറയുള്ള ഒരു കളിക്കാരനാണ്, ഒപ്പം ഒരു പ്രതിരോധനിര കളിക്കാരന് വേണ്ട കൃത്യമായ ഗുണങ്ങളുമുള്ള ആളാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതിനകം തന്നെ നേതൃത്വംഗുണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ശരിയായ മാർഗ്ഗനിർദ്ദേശവും അനുയോജ്യമായ അന്തരീക്ഷവും ലഭിച്ചാൽ, ക്ലബ്ബിനും രാജ്യത്തിനും വേണ്ടി അദ്ദേഹം ഒരു മികച്ച പ്രതിരോധനിര കളിക്കാരനായി വളരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സ്‌പോർടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് കൂട്ടിച്ചേർത്തു:

“ഒരു ഡിഫെൻഡറിന് വേണ്ട ബുദ്ധിശക്തിയും കഴിവുമുള്ള ഒരു യുവ കളിക്കാരനാണ് സുമിത്. പക്ഷേ തീർച്ചയായും ഒരുപാട് കാര്യങ്ങൾ മുന്നിലുണ്ട്. ഇതിനകം തന്നെ അദ്ദേഹം തന്റെ പ്രായത്തേക്കാൾ പക്വത കാണിക്കുന്നുമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സൈനിങ്‌ ആണിത് കാരണം ഈ തലമുറയിലെ തന്നെ മികച്ച കളിക്കാരിൽ ഒരാളാണ് സുമിത് അതിനാൽ തന്നെ അദ്ദേഹത്തെ ലഭിച്ചതിൽ സന്തോഷമുണ്ട്. ഒരു യുവ കളിക്കാരനിൽ നിന്ന് ഒരു തികഞ്ഞ ഫുട്ബോൾ താരമാക്കി മാറ്റുവാൻ ഞങ്ങൾ സുമിത്തിനെ സഹായിക്കും.”

ബ്ലാസ്റ്റേഴ്സിന് ഒപ്പം ചേരുന്നതിൽ തന്റെ ആവേശം പങ്കുവെച്ചുകൊണ്ട് സുമിത് ശർമ്മ:

“കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പോലുള്ള ഒരു വലിയ ക്ലബ്ബിൽ ചേരാൻ കഴിഞ്ഞതിൽ എനിക്ക് വളരെ ആവേശവും അഭിമാനവും തോന്നുന്നു. ഇത് എനിക്ക് ഒരു വലിയ ബഹുമതിയാണ്. എനിക്ക് ഇവിടെ പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്, എന്റെ വളർച്ചയ്ക്ക് ഇത് ശരിയായ സ്ഥലമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ അവസരം നൽകിയതിന് ക്ലബ് മാനേജ്‌മെന്റിനോട് ഞാൻ നന്ദി പറയുന്നു.”

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ വർഷത്തെ മൂന്നാമത്തെ സൈനിംഗാണ് സുമിത്. സുമിത്തിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.