2026 ഐ.എസ്.എൽ (ISL) സീസൺ മുന്നോടിയായി താരങ്ങളുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളം 35 മുതൽ 40 ശതമാനം വരെ വെട്ടിക്കുറയ്ക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് നീങ്ങുന്നു. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും സംപ്രേക്ഷണ അവകാശങ്ങൾ (Broadcast deal) ലഭിക്കാത്തതും കാരണം ക്ലബ്ബിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായ സാഹചര്യത്തിലാണ് ഈ നീക്കം.

ടീമിനെ കളത്തിലിറക്കണമെങ്കിൽ ചിലവ് ചുരുക്കിയേ മതിയാകൂ എന്ന നിലപാടിലാണ് മാനേജ്മെന്റ്. എന്നാൽ ശമ്പളം കുറയ്ക്കുന്ന കാര്യത്തിൽ താരങ്ങൾക്കിടയിൽ ഇനിയും പൂർണ്ണമായ ധാരണയിലെത്താൻ സാധിച്ചിട്ടില്ല.
ക്ലബ്ബിന്റെ പ്രിയതാരങ്ങളായ അഡ്രിയാൻ ലൂണ, നോഹ സദൗയി തുടങ്ങിയവർ ഇതിനോടകം തന്നെ ലോൺ വ്യവസ്ഥയിൽ വിദേശ ക്ലബ്ബുകളിലേക്ക് മാറി കഴിഞ്ഞു.
മുംബൈ സിറ്റി താരങ്ങൾ ശമ്പളം കുറയ്ക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ, ബംഗളൂരു എഫ്.സിയും ചെന്നൈയിൻ എഫ്.സിയും ചർച്ചകളിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. എന്നാൽ എഫ്.സി ഗോവയിലെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിലെയും താരങ്ങൾ ക്ലബ്ബിന്റെ നിലനിൽപ്പിനായി ശമ്പളം കുറയ്ക്കാൻ തയ്യാറായത് മാതൃകാപരമായ നീക്കമായി വിലയിരുത്തപ്പെടുന്നു.
മത്സരങ്ങളുടെ എണ്ണം കുറഞ്ഞതും വരുമാന സ്രോതസ്സുകൾ ഇല്ലാതായതും ക്ലബ്ബ് ഉടമകളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.









