കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അക്കാദമിയിലൂടെ വളർന്നുവന്ന ഇരട്ട സഹോദരങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ് അസ്ഹറും ക്ലബ്ബ് വിടുന്നു. പരസ്പര ധാരണയോടെയാണ് താരങ്ങളെ റിലീസ് ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്. കരിയറിൽ കൂടുതൽ അവസരങ്ങൾ തേടിയും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുമാണ് ഈ യുവതാരങ്ങൾ ക്ലബ്ബ് വിടുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന ഇരുവരും ക്ലബ്ബിന്റെ തദ്ദേശീയ പ്രതിഭകളെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ മികച്ച ഉദാഹരണങ്ങളായിരുന്നു. സീനിയർ ടീമിൽ അവസാന സീസണുകളിൽ സ്ഥിര സാന്നിദ്ധ്യമായി ഇരുവരും മാറിയിരുന്നു. അവസരം ലഭിച്ച സമയത്തെല്ലാം മികച്ച പ്രകടനവും അച്ചടക്കവും പുറത്തെടുക്കാൻ ഇവർക്ക് സാധിച്ചു.
താരങ്ങളുടെ വളർച്ചയിൽ അഭിമാനമുണ്ടെന്നും അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.









