കൊച്ചിയിൽ മോഹൻ ബഗാനോട് 3-0 ന് കനത്ത തോൽവി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫിൽ പ്രവേശിക്കാനുള്ള സാധ്യത ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ശക്തമായി തിരികെവരും എന്ന് താൽക്കാലിക മുഖ്യ പരിശീലകൻ ടി.ജി. പുരുഷോത്തമൻ പറഞ്ഞു.

“ഞങ്ങൾ സൃഷ്ടിച്ച അവസരങ്ങൾ ഗോളുകളാക്കി മാറ്റിയില്ല. ചിലപ്പോൾ വിജയത്തിനായി ശ്രമിക്കുമ്പോൾ ഇത്തരം പരാജയങ്ങൾ സംഭവിക്കും. ഇത് ഒരു പ്രതിരോധ പിഴവോ പ്രതിരോധ വീഴ്ചയോ അല്ല, മത്സരങ്ങൾ ജയിക്കാൻ ആയി ഞങ്ങൾ പൂർണ്ണമായി ആക്രമണത്തിൽ മുഴുകുമ്പോൾ, ചിലപ്പോൾ ഇത് സംഭവിക്കാം,” പുരുഷോത്തമൻ മത്സരശേഷം പറഞ്ഞു.
“നമ്മൾ തോറ്റാൽ, ഒരു ടീം എന്ന നിലയിൽ നാമെല്ലാവരും തോൽക്കുകയാണ്, ജയിച്ചാൽ ഒരു ടീം എന്ന നിലയിൽ നമ്മൾ ജയിക്കുകയാണ്. അല്ലാതെ അത് ഒരു പ്രതിരോധ പ്രശ്നമോ ആക്രമണത്തിലെ പ്രശ്നമോ ആയി കാണാൻ ആകില്ല. ഒരു ടീം എന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു. അടുത്ത മത്സരങ്ങളിൽ ഞങ്ങൾ വളരെ ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.