സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെയതിരെ രണ്ടു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. നിരവധി അവസരങ്ങൾ തുലച്ചതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന്റെ ഗോളിലാണ് മോഹൻ ബഗാൻ ഇന്ന് ആദ്യം ലീഡ് നേടിയത്

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ 22-ാം മിനിറ്റിലാണ് സഹൽ ഗോൾ നേടിയത്. ഒരു ക്രോസ് സ്വീകരിച്ച് മനോഹരമായ ഫിനിഷിലൂടെ താരം പന്ത് വലയിലെത്തിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾശ്രമം മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് ഉണ്ടായത്. നോഹ സദാവോയിയുടെ ഒരു ഗോൾ ശ്രമം ധീരജിന്റെ സേവിൽ അവസാനിച്ചു. ധീരജിന്റെ മികച്ച പ്രകടനം പിന്നീടും കേരള ബ്ലാസ്റ്റേഴ്സിനെ ഗോൾ നേടുന്നതിൽ നിന്ന് അകറ്റി നിർത്തി.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് പെപ്രയെ കളത്തിൽ എത്തിച്ചു. പക്ഷെ എന്നിട്ടും അവസരങ്ങൾ ഗോളായി മാറിയില്ല. 51ആം മിനുറ്റിൽ മോഹൻ ബഗാൻ ലീഡ് ഇരട്ടിയാക്കി. ആശിഖ് കുരുണിയന്റെ പാസിൽ നിന്ന് യുവതാരം സുഹൈൽ ആണ് ഗോൾ നേടിയത്.
ഇതിനു ശേഷം കളിയിലേക്ക് തിരികെ വരാൻ ബ്ലാസ്റ്റേഴ്സിന് പല അവസരങ്ങളും ലഭിച്ചു എങ്കിലും ജീസസിനോ പെപ്രക്കോ ഈ അവസരങ്ങൾ മുതലാക്കാൻ ആയില്ല. അവസാനം ഇഞ്ച്വറി ടൈമിൽ ശ്രീകുട്ടനിലൂടെ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കി എങ്കിലും അപ്പോഴേക്ക് സമയം അതിക്രമിച്ചിരുന്നു.