കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ കരുത്തരായ മോഹൻ ബഗാനെ നേരിടും. ഇന്ന് വൈകിട്ട് 4:30ന് കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ജിയോ ഹോട്ട് സ്റ്റാറിൽ തത്സമയം കാണാനാകും.

ആദ്യ റൗണ്ടിൽ ഈസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ വിജയം നേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. മറുവശത്ത്, മോഹൻ ബഗാൻ അവരുടെ ആദ്യ റൗണ്ടിലെ എതിരാളികളായ ചർച്ചിൽ ബ്രദേഴ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് നേരിട്ടാണ് ക്വാർട്ടർ ഫൈനലിൽ എത്തുന്നത്.
മോഹൻ ബഗാന്റെ പ്രധാന താരങ്ങളിൽ പലരും ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല എന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.
പുതിയ പരിശീലകൻ കറ്റാലയുടെ കീഴിൽ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ പരിക്കേറ്റ ടീമിന്റെ ക്യാപ്റ്റൻ അഡ്രിയൻ ലൂണ പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട് എന്നുള്ള വാർത്തകൾ ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് ഉണർവ് നൽകുന്നു. ലൂണ ഇന്ന് ആദ്യ ഇലവനിൽ കളിക്കുമോ അതോ പകരക്കാരനായി ഇറങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.