ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ദയനീയ പരാജയം. ഇന്ന് കൊച്ചിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി.

ഇന്ന് ആദ്യ മിനുട്ട് മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ അറ്റാക്ക് ആണ് കണ്ടത്. പക്ഷെ ഒരു അവസരം പോലും ലക്ഷ്യത്തിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. കോറോ സിങും, അമാവിയയും പെപ്രയും എല്ലാം ഗോളിലേക്ക് ഷോട്ട് തൊടുത്തെങ്കിലും ഒന്നും വലയിൽ എത്തിയില്ല. സുഭാഷിഷ് ബോസിന്റെ മികച്ച ബ്ലോക്കുകളും വിശാൽ കെയ്തിന്റെ സേവും ബഗാനെ രക്ഷിച്ചു.
മത്സരത്തിൽ 28ആം മിനുറ്റിൽ ബഗാൻ അവരുടെ ആദ്യ അവസരത്തിൽ നിന്ന് തന്നെ ഗോളടിച്ച് ലീഡ് എടുത്തു. ലിസ്റ്റൺ സൃഷ്ടിച്ച അവസരം മക്ലരൻ വലയിൽ എത്തിക്കുക ആയിരുന്നു.
മത്സരത്തിന്റെ 40ആം മിനുറ്റിൽ വീണ്ടും മക്ലരൻ മോഹൻ ബഗാനായി ഗോൾ നേടി. ഇത്തവണ മനോഹരമായ ഒരു ഫ്ലിക്കിലൂടെ ആയിരുന്നു ഗോൾ. സ്കോർ 2-0.

രണ്ടാം പകുതിയിലും കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് ചെയ്തു. പക്ഷെ ഗോൾ കണ്ടെത്തിയത് ബഗാൻ തന്നെ ആയിരുന്നു. 66ആം മിനുട്ടിൽ ആൽബെർട്ടോ റോഡ്രിഗസിലൂടെ ബഗാൻ മൂന്നാം ഗോൾ നേടി.
ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ആറാം സ്ഥാനത്തുള്ള മുംബൈയുമായി 7 പോയിന്റ് വ്യത്യാസം ബ്ലാസ്റ്റേഴ്സിന് ഉണ്ട്. ഇനി ആകെ 4 മത്സരം മാത്രമെ ബാക്കിയുള്ളൂ.