കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്ത്. ബെംഗളൂരു എഫ് സി ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെ ഇഞ്ച്വറി ടൈം ഗോളിൽ തോൽപ്പിച്ച് ആണ് സെമിയിൽ എത്തിയത്. 1-0 എന്ന സ്കോറിനായിരുന്നു വിജയം. പെരേര ഡിയസ് ആണ് വിജയ ഗോൾ നേടിയത്.
മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ഗോൾ കീപ്പർ സോം കുമാറിനെ ബ്ലാസ്റ്റേഴ്സിന് പരിക്ക് കാരണം നഷ്ടമായി. സച്ചിൻ ആണ് പിന്നീട് വല കാത്തത്. ആദ്യ പകുതിയിൽ പന്ത് കൂടുതൽ കൈവശം വെച്ചത് ബെംഗളൂരു എഫ് സി ആണെങ്കിലും നല്ല അവസരങ്ങൾ ലഭിച്ചത് ബ്ലാസ്റ്റേഴ്സിനായിരുന്നു.
മൂന്ന് നല്ല അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. പെപ്രയുടെയും നോഹയുടെയും മികച്ച ഷോട്ടുകൾ അതിലേറെ മികച്ച സേവിലൂടെയാണ് ഗുർപ്രീത് രക്ഷപ്പെടുത്തിയത്. രണ്ടാം പകുതിയിലും ഇരു ടീമുകളും അവസരം സൃഷ്ടിക്കാൻ പ്രയാസപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സ് അലക്സാണ്ട്രെ കോഫിനെയും ബെംഗളൂരു എഫ് സി സുനിൽ ഛേത്രിയെയും കളത്തിൽ ഇറക്കി.
മത്സാത്തിന്റെ 95ആം മിനുട്ടിലാണ് ബെംഗളൂരു എഫ് സിയുടെ വിജയ ഗോൾ വന്നത്. ഒരു കോർണറിൽ നിന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പെരേര ഡിയസ് ഒരു വോളിയിലൂടെ പന്ത് വലയിലെത്തിക്കുക ആയിരുന്നു.