FeaturedFootball

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അക്കാദമി; 2011 ബാച്ച് സെലക്ഷൻ ട്രയൽസ് ഏപ്രിൽ 17, 18 തീയതികളിൽ

കൊച്ചി, ഏപ്രിൽ 12, 2025: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അക്കാദമിയിലേക്കുള്ള 2011 ബാച്ചിലെ യുവ പ്രതിഭകളെ കണ്ടെത്താനുള്ള സെലക്ഷൻ ട്രയൽസുകൾ ഏപ്രിൽ 17, 18 തീയതികളിൽ നടക്കും. 2011 ജനുവരി 1-നും ഡിസംബർ 31-നും ഇടയിൽ ജനിച്ചവർക്ക് ട്രയൽസിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ട്രയൽസുകൾ വിവിധ ജില്ലകളിൽ നിന്നുള്ള പ്ലെയേഴ്‌സിനായി പ്രത്യേക തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിൽ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമായുള്ള ടി.എം.കെ അരീനയിലാണ് സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചിരിക്കുന്നത്.

ഏപ്രിൽ 17-ന് മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നുള്ള പ്ലെയേഴ്‌സിനും ഏപ്രിൽ 18-ന് കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, വയനാട്, ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ളവർക്കുമാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അക്കാദമിയുടെ സോഷ്യൽ മീഡിയ പേജുകളിൽ നൽകിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം യോഗ്യരായ കളിക്കാർക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്ഥിരീകരണ ഇമെയിൽ നൽകും. സ്ഥിരീകരണ ഇമെയിൽ ലഭിച്ച കളിക്കാർക്ക് മാത്രമേ ട്രയൽസ് വേദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ രാവിലെ 6:30-ന് ട്രയൽസ് വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ട്രയൽസിൽ പങ്കെടുക്കാൻ എത്തുന്ന കളിക്കാർ ആധാർ കാർഡ് അല്ലെങ്കിൽ പാസ്പോർട്ട് (ഒറിജിനൽ), ജനന സർട്ടിഫിക്കറ്റ് (ഒറിജിനൽ) എന്നിവ കൊണ്ടുവരേണ്ടതാണ്. ഏപ്രിൽ 14, വൈകുന്നേരം 5 മണി വരെ ട്രയൽസിനായി അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി ക്യുആർ കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക.