യുവന്റസിന്റെ മോയിസി കീൻ ഇറ്റാലിയൻ ചരിത്രം തിരുത്തുന്നു

- Advertisement -

യുവന്റസിന്റെ യുവ സ്ട്രൈക്കർ മോയിസി കീൻ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ നേടാൻ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. യുവന്റസിന് വേണ്ടി രണ്ടാഴ്ച മുമ്പ് ഒരു ലീഗ് മത്സരത്തിൽ ഇറങ്ങിയതോടെ ആയിരുന്നു കീൻ എല്ലാവരുടെയും ശ്രദ്ധയിൽ എത്തിയത്. അന്ന് ഉഡിനേസെയ്ക്ക് എതിരെ ഇരട്ട ഗോളുകൾ നേടി കീൻ എന്ന 19കാരൻ ഹീറോ ആയി.

അടുത്ത മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ സബ്ബായും കീൻ എത്തി. അന്ന് കീൻ പന്ത് സ്വീകരിച്ച് നടത്തിയ കുതിപ്പ് കളി കണ്ടർ മറക്കില്ല. കീൻ ആ കുതിപ്പിനു ശേഷം തൊടുത്ത സ്ട്രൈക്ക് പോസ്റ്റിന് ഉരുമ്മിയാണ് പുറത്ത് പോയത്. കീനിന്റെ മികവ് കണ്ട ഇറ്റാലിയൻ പരിശീലകൻ മാഞ്ചീനി അധികം ചിന്തിക്കാതെ തന്നെ കീനിനെ ദേശീയ ടീമിലേക്ക് വിളിച്ചു. കീനാണ് ഇറ്റലിയുടെ ഭാവി എന്നായിരുന്നു മാഞ്ചിനി പറഞ്ഞത്.

ഇന്നലെ ഫിൻലാൻഡിനെതിരായ മത്സരത്തിൽ കീനിനെ ഇറക്കാനും മാഞ്ചിനി മറന്നില്ല. കളിയുടെ 74ആം മിനുട്ടിൽ കീൻ തന്റെ ആദ്യ ദേശീയ ഗോൾ കണ്ടെത്തി. ഇറ്റാലിയൻ ഫുട്ബോളിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ സ്കോറർ ആയി ആ ഗോളിലൂടെ കീൻ മാറി. 19 വയസ്സും 23 ദിവസവും മാത്രമാണ് കീനിന്റെ പ്രായം. 1958ൽ ബ്രൂണോ നിക്കോളോ 18 വയസ്സുകാരനായിരിക്കെ നേടിയ റെക്കോർഡിനു മാത്രം പിറകിൽ. നിരവധി വർഷങ്ങളായി അറ്റാക്കിംഗ് തേർഡിൽ മികച്ച താരങ്ങൾ ഇല്ലാത്തത് ആയിരുന്നു ഇറ്റലിയുടെ പ്രശ്നം. അതിന് കീനിന്റെ വരവോടെ അന്ത്യമാകും എന്ന് മാഞ്ചിനി വിശ്വസിക്കുന്നു.

ഇറ്റാലിയൻ ലീഗ് കിരീടം ഏതാണ്ട് ഉറച്ചതോടെ യുവന്റസ് ഇനി കീനിന് കൂടുതൽ അവസരങ്ങൾ കൊടുക്കുമെന്ന് ഇറ്റാലിയൻ ഫുട്ബോൾ ആരാധകരും കരുതുന്നു.

Advertisement